ആറ്റിങ്ങൽ: മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷിക ദിനമായ ഇന്ന്, സ്വദേശമായ കായിക്കരയിൽ നിന്ന് അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലേക്ക് ആശാൻ സ്മൃതിയാത്ര സംഘടിപ്പിക്കും. പാരിപ്പള്ളി വയമ്പ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യാത്ര എഴുത്തുകാരി ആർ. പാർവതിദേവി നയിക്കും. രാവിലെ 8.30ന് കായിക്കര ആശാൻ സ്മാരകത്തിൽ കെ. ജയകുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിക്കും. അജിത് എസ്.ആർ ജാഥാസന്ദേശം നൽകും. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലിജ ബോസ്, ഡോ.പി.കെ. സുകുമാരൻ, രാജു ഡി. മംഗലത്ത്, ശ്രീകുമാർ പ്ലാക്കാട്, ഫിർദൗസ് കായൽപുറം, ഓരനല്ലൂർ ബാബു എന്നിവർ സംസാരിക്കും.

രാജു ഡി. മംഗലത്ത് രചിച്ച ഉലയും കനലും, ശ്രീകുമാർ പ്ലാക്കാട് രചിച്ച ഞാൻ ആശാന്റെ മാതംഗി എന്നീ കൃതികൾ കെ. ജയകുമാർ ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യും. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നാഷണൽ പ്രസിഡന്റ് എസ്. സുനിൽ, സമുദ്രതീരം മതേതര വയോജന കേന്ദ്രം ചെയർമാൻ റുവൽസിംഗ് എന്നിവർ കൃതികൾ ഏറ്റുവാങ്ങും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5.30 ന് യാത്ര പല്ലനയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന സന്ദേശവുമായി വയമ്പ് സാംസ്കാരിക വേദി നവംബർ മുതൽ ആരംഭിച്ച ആശാൻ കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായാണ് സ്മൃതിയാത്ര സംഘടിപ്പിക്കുന്നത്. ആശാൻ മുന്നോട്ടുവച്ച മാനവികതയുടെ ദർശനമാണ് സ്മൃതിയാത്രയിലൂടെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് വയമ്പ് ചെയർമാൻ വി.പി. രാജീവൻ പറഞ്ഞു.