
ക്ളിപ്ത വരുമാനമുള്ള സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചുകൊണ്ട് രാജ്യത്ത് നിത്യോപയോഗ സാധന വില വീണ്ടും കയറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളും രാഷ്ട്രീയകക്ഷികളും ആസന്നമായ പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനകീയ പ്രശ്നങ്ങൾ മാറ്റിവച്ച് ജനങ്ങളെ എളുപ്പം കൈയിലെടുക്കാൻ പറ്റിയ വിഷയങ്ങൾ തേടുന്ന തിരക്കിലാണ്. രാജ്യത്ത് ഇപ്പോൾ വിലനിലവാരം ഉയർന്ന തോതിലാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും ഉയർന്ന ചില്ലറവിലയാണ് വിപണികളിൽ നിലനിൽക്കുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ സകല സാധനങ്ങൾക്കും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് വില കൂടുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളാണ് വിലക്കയറ്റത്താൽ പൊറുതിമുട്ടുന്നത്. പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ് റിസർവ്വ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താറുള്ളത്. വിലക്കയറ്റത്തോത് ഉയർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ പലിശ നിരക്കു കുറയ്ക്കാൻ റിസർവ്വ് ബാങ്ക് തയ്യാറല്ല.
കേരളത്തിന്റെ കാര്യമെടുത്താൽ വിപണി അക്ഷരാർത്ഥത്തിൽ പൊള്ളുകയാണെന്ന് പറയാം. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിലകൂടാത്ത ഒരു സാധനവും ഇല്ലെന്നായിരിക്കുന്നു. അരിക്കും പലവ്യഞ്ജനങ്ങൾക്കും പയർവർഗങ്ങൾക്കും മാത്രമല്ല മുട്ട, മാംസം, മത്സ്യം തുടങ്ങിയവയ്ക്കും വലിയതോതിലാണ് വില കൂടിയിട്ടുള്ളത്. അരിവിലയിൽ ഇക്കഴിഞ്ഞ മാസം മാത്രം കിലോയ്ക്ക് പത്തുരൂപയിലധികമാണ് വർദ്ധന. മേൽത്തരം അരിക്ക് ഇതിലുമധികമാണ് വില കൂടിയത്. പയർ, പരിപ്പ് വർഗ്ഗങ്ങൾക്കാകട്ടെ പതിനഞ്ചും ഇരുപതും രൂപവരെ വർദ്ധിച്ചിട്ടുണ്ട്.
ശബരിമല സീസൺ കാലത്ത് ഇവിടെ പച്ചക്കറികൾക്ക് വില കൂടുന്നത് പതിവാണ്. ഇക്കുറി മുൻകാലങ്ങളിലേക്കാൾ ദുസ്സഹമായ തോതിലുള്ള വിലക്കയറ്റമാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ഉത്പാദനത്തിൽ വന്ന കുറവാണ് കാരണമായി കൃഷിക്കാർ പറയുന്നത്. കാരണം എന്തുതന്നെയായാലും ഉപഭോക്താക്കളുടെ പഴ്സ് എളുപ്പം കാലിയാവുന്ന തരത്തിലാണ് സാധനവിലക്കയറ്റം. സാധാരണക്കാർക്ക് തുണയാകേണ്ട സർക്കാർ സംവിധാനങ്ങൾ കൂടുതൽ നിഷ്ക്രിയമാകുന്നതാണ് ദുരിതം വർദ്ധിപ്പിക്കുന്നത്. സംസ്ഥാനത്ത് റേഷൻ വിതരണം പോലും ഏതുദിവസവും നിലയ്ക്കാമെന്ന മട്ടിലാണ്, റേഷൻ ഉത്പന്നങ്ങൾ എത്തിക്കുന്ന കരാറുകാർ നടത്തിവരുന്ന പണിമുടക്ക്. നാലു ദിവസമായി അവർ പണിമുടക്കിലായതിനാൽ ചരക്കുനീക്കം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെടുന്നില്ലെങ്കിൽ റേഷൻകടകൾ അടച്ചിടേണ്ട സ്ഥിതിയുണ്ടാകും.
സർക്കാരിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശികയെച്ചൊല്ലി സിവിൽ സപ്ളൈസ് കോർപ്പറേഷനിൽ നിത്യോപയോഗ സാധനങ്ങളുടെ കച്ചവടം ഏതാണ്ട് സ്തംഭിച്ച നിലയിലാണ്. സാധനങ്ങൾ എടുത്ത വകയിൽ കോർപ്പറേഷൻ മറ്റ് സംസ്ഥാനങ്ങളിലുള്ള കച്ചവടക്കാർക്ക് കോടികളാണ് കുടിശ്ശിക നൽകാനുള്ളത്. കുടിശ്ശിക തീർത്തില്ലെങ്കിൽ സാധനങ്ങൾ നൽകുകയില്ലെന്ന വാശിയിലാണ് അവർ. കോർപ്പറേഷന്റെ കുടിശിക തീർക്കാർ സർക്കാരിന്റെ പക്കലാകട്ടെ പണവുമില്ല. സപ്ളൈകോ സ്റ്റോറുകൾ തുറന്നിരിക്കുന്നതല്ലാതെ വിൽക്കാൻ സാധനങ്ങൾ അധികമൊന്നുമില്ല. പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് ഇതും ഒരു കാരണമാണ്. റേഷൻകടകളുടെ സജീവ സാന്നിദ്ധ്യവും സപ്ളൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവുമാണ് സാധാരണ കുടുംബങ്ങളെ എന്നും വിലക്കയറ്റത്തിൽനിന്ന് രക്ഷിക്കാറുള്ളത്. ഇപ്പോൾ അനുഭവപ്പെടുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഈ സംവിധാനങ്ങളുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം എത്രയുംവേഗം ഉറപ്പാക്കുകയാണ് വേണ്ടത്. ഒന്നിനും പണമില്ലെന്നുപറഞ്ഞ് മുഖം തിരിച്ചാൽ ജനങ്ങൾ പൊറുക്കുകയില്ല.