
തൃശൂരിൽ നിന്ന് മദിരാശിക്ക് വണ്ടി കയറുമ്പോൾ കെ.ജെ. ജോയ് ഒന്നു മാത്രമേ ആഗ്രഹിച്ചുള്ളൂ. മലയാള സിനിമയിൽ സംഗീതം ഒരുക്കുക. സമ്പന്നതയിൽ ജനിച്ചുവളർന്ന ജോയ് നെല്ലികുന്നു പള്ളിയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു. സംഗീതം തലയ്ക്കുപിടിച്ചത് അവിടെ നിന്നായിരുന്നുവെന്ന് നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി ഓർക്കുന്നു. വലിയ കാറിലാണ് ജോയ് റെക്കാഡിംഗ് സ്റ്റുഡിയോയിൽ എത്തുക. പിന്നാലെ വരുന്ന വാഹനത്തിൽ സംഗീത ഉപകരണങ്ങൾ. സൗത്ത് ഇന്ത്യൻ സിനിമയിൽ കീബോർഡ് ആദ്യമായി ഉപയോഗിച്ച ബഹുമതി കെ.ജെ. ജോയിക്ക് സ്വന്തം. മലയാളത്തിൽ മാത്രമല്ല തമിഴിലും കെ.ജെ. ജോയ് മനോഹര ഈണമായി മാറിയത് പിന്നത്തെ ചരിത്രം. മനുഷ്യമൃഗം സിനിമയിലെ കസ്തൂരിമാൻ മിഴി മലർ ശരമെയ്തു എന്ന സൂപ്പർ ഹിറ്റുഗാനം ആണ് ജോയ്ക്ക് തന്റെ പാട്ടുകളിൽ ഏറെ പ്രിയപ്പെട്ടത്. ഇപ്പോഴും എവർഗ്രീനായി തുടരുന്ന ഗാനരംഗത്ത് ആടിപ്പാടിയത് ജയനും സീമയും. ഗാനം രചിച്ചത് പാപ്പനംകോട് ലക്ഷ്മണനും. പാടിയത് ഗാനഗന്ധർവ്വനും. ജോയി ഈണം നൽകിയ കാലിത്തൊഴുത്തിൽ പിറന്നവനേ എന്ന ഗാനം എക്കാലത്തെയും മികച്ച ക്രിസ്തീയ ഗാനങ്ങളിൽ ഒന്നാണ്. ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ഒരുക്കിയ ജോയ് പതിമൂന്നു വർഷം പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. ലൗവ് ലെറ്റർ ആണ് ആദ്യ ചിത്രം. ഇവനെന്റെ പ്രിയപുത്രൻ, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ, മദാലസ, ഇതാ ഒരുതീരം, സർപ്പം, ശക്തി, ചന്ദ്രഹാസം, ഹൃദയം പാടുന്നു, കരിമ്പൂച്ച തുടങ്ങി നിരവധി ചിത്രങ്ങളിൽ സംഗീത സംവിധാനം ഒരുക്കി.