rcc

തിരുവനന്തപുരം: ക്യാൻസർ ചികിത്സാ രംഗത്തെ സുപ്രധാന ചുവടുവയ്പാണ് റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂണിറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂണിറ്റ്, ഹിപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തും രാജ്യത്ത് ചുരുക്കം ചില സ്ഥലങ്ങളിലും മാത്രമുള്ള റോബോട്ടിക് സർജറി സംവിധാനം ആർ.സി.സിയിൽ പ്രവർത്തനം ആരംഭിക്കുന്നത് സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണ് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർ.സി.സിയിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനവും ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സജ്ജമാക്കുന്നതെന്നും റീബിൽഡ് കേരള ഇനിഷ്യേറ്റിവിലൂടെയാണ് ഇതിനുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശസ്ത്രക്രിയ വേളയിൽത്തന്നെ ക്യാൻസർബാധിത ശരീരഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്നതാണ് ഹൈപ്പർ തെർമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറാപ്പി അഥവാ ഹിപെക്. പ്രതിവർഷം 17,000ൽപ്പരം പുതിയ രോഗികളും രണ്ടു ലക്ഷത്തിൽപ്പരം പഴയ രോഗികളും ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആർ.സി.സിയിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ ഡി.ആർ. അനിൽ, ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ, അഡിഷണൽ ഡയറക്ടർ ഡോ. എ. സജീദ് എന്നിവർ പങ്കെടുത്തു.