നെയ്യാറ്റിൻകര: ബ്ലേഡ് മാഫിയ പിടിമുറുക്കിയിട്ടും നടപടിയെടുക്കാതെ പൊലീസ്. ഒരിടവേളയ്ക്ക് ശേഷമാണ് നെയ്യാറ്റിൻകര പൊലീസ് സബ് ഡിവിഷനിൽ ബ്ലേഡ് മാഫിയ പിടിമുറുക്കിയിട്ടുള്ളത്. നൂറുരൂപയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് പലിശ ഈടാക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പണം ആവശ്യം വരുമ്പോൾ സഹകരണ സംഘങ്ങളെയും,നാഷണലൈസ്‌ഡ്‌ ബാങ്കുകളെയും സമീപിച്ചിട്ട് കാര്യം നടക്കാതെ വരുമ്പോൾ ഏജന്റ് മുഖാന്തരം ബ്ലേഡ് മാഫിയകളുടെ കുരുക്കിൽ എത്തിപ്പെടുകയാണ് പലരും. ഒന്നിലധികം ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തുക, വാഹനങ്ങൾ വില ചീട്ടെഴുതി വാങ്ങി വയ്ക്കുക. കുറഞ്ഞ വിലയ്ക്ക് ഭൂമി വിലയാധാരമായി എഴുതി വാങ്ങുക എന്നിവയാണ് ബ്ലേഡ് മാഫിയ ചെയ്യുന്ന ചതിക്കുഴികൾ. പണം തിരികെ നൽകിയാലും രേഖകൾ മടക്കി നൽകുന്നില്ലെന്നാണ് പരാതി. ബാങ്കുകൾ രണ്ടും മൂന്നും മാസം കൊണ്ട് ലോണുകൾ പാസാക്കുമ്പോൾ മൂന്ന് ദിവസം കൊണ്ട് ബ്ലേഡ് മാഫിയ പണം നൽകും. 50000 രൂപ വേണമെങ്കിൽ 10 ലക്ഷം വിലയുള്ള വസ്തു എഴുതിക്കൊടുക്കണം.

ഫലപ്രദമാകാതെ

ബ്ലേഡ് മാഫിയയ്ക്ക് മൂക്കുകയറിടാൻ കുബേര ഓപ്പറേഷൻ നിലവിലുണ്ടെങ്കിലും ഒരു ജില്ലയിലും മോണിറ്ററിംഗ് ഫലപ്രദമല്ല. 2014ലാണ് ഓപ്പറേഷൻ കുബേര ആരംഭിച്ചത്. റിസർവ് ബാങ്ക് അനുവദിച്ചിരിക്കുന്നതിലും ഉയർന്ന പലിശയ്ക്ക് പണം കടമായി നൽകുകയും അവ ഈടാക്കാൻ വളഞ്ഞവഴികൾ സ്വീകരിക്കുകയും ചെയ്തവർക്കെതിരെയാണ് ഈ നടപടികളെടുക്കുന്നത്. ഓപ്പറേഷൻ കുബേര നിലച്ചതാണ് ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാൻ കാരണം.