
ശിവഗിരി: അനുഷ്ഠാനങ്ങൾ വിധിയാം വണ്ണം നിറവേറ്റുകയും കപടതകൾക്ക് മുന്നിൽ കീഴടങ്ങാതിരിക്കുകയും ചെയ്യണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയിൽ നടന്ന ചതയ പൂജയ്ക്കും ശാന്തി ഹവന യജ്ഞത്തിനും നേതൃത്വം നൽകി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
വിശ്വാസികളെ തെറ്റായ മാർഗത്തിലൂടെ നയിക്കുന്ന നിരവധി ആരാധനാരീതികൾ സമൂഹത്തിലുണ്ട്. ഗുരുദേവ വിശ്വാസികൾ ഗുരുദേവൻ ഉപദേശിച്ചു തന്ന ശാസ്ത്രീയാനുഷ്ഠാന സമ്പ്രദായം സ്വീകരിച്ചു ജീവിത നവീകരണം ഉറപ്പാക്കണമെന്നും സ്വാമി പറഞ്ഞു.
ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ടായിരുന്നു ശാന്തി ഹവന യജ്ഞം. ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരായ സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സത്യാനന്ദ തീർത്ഥ, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീർത്ഥ തുടങ്ങിയവർ യജ്ഞം നയിച്ചു. ശാരദാദേവി സന്നിധിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ സംബന്ധിച്ചു. എല്ലാ മാസവും ചതയ ദിനത്തിൽ ചതയപൂജയും ശാന്തിഹവന യജ്ഞവും ശാരദാദേവി സന്നിധിയിൽ ഉണ്ടാകുമെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു.
ഫോട്ടോ: ശിവഗിരി ശാരദാദേവി സന്നിധിയിൽ നടന്ന ചതയ പൂജയിലും ശാന്തി ഹവന യജ്ഞത്തിലും സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുന്നു.