shakker

ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. മൂന്നുമുക്ക് ജംഗ്ഷനിൽ നിന്ന് ഓട്ടോയിൽ കയറിയ കാര്യവട്ടം പോങ്ങുംമൂട് സ്വദേശി നിതീഷ് ചന്ദ്രനെ (29) മാരകമായി വെട്ടിപ്പരിക്കേല്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കിറാണ് (37) അറസ്റ്റിലായത്.

9ന് രാത്രി 10ഓടെ മൂന്നുമുക്കിൽ വച്ച് ഷാക്കിറും നിതീഷ് ചന്ദ്രനുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനുശേഷം ഓട്ടോയുമായി മടങ്ങിപ്പോയ പ്രതി 11ഓടെ തിരികെ വന്ന് മൂന്നുമുക്കിൽ മദ്യലഹരിയിൽ നിന്ന നിതീഷിനെ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി. കൊല്ലമ്പുഴ ആറാട്ടുകടവിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും മാല പൊട്ടിച്ചെടുത്ത ശേഷം വണ്ടിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. പിന്നീട് നിതീഷിനെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാൾ ഓട്ടോയുമായി രക്ഷപ്പെട്ടു.

കടയ്‌ക്കാവൂർ,കല്ലമ്പലം,വർക്കല സ്റ്റേഷനുകളിൽ മോഷണം,പിടിച്ചുപറി,കൊലപാതകം,പീഡനം തുടങ്ങി നിരവധി കേസുകളിൽ ഷാക്കിർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഓട്ടോയുമായി ഒളിവിൽ പോയ പ്രതി ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സി.ഐ മുരളികൃഷ്ണൻ, എസ്.ഐമാരായ മനു,അഭിലാഷ്,എ.എസ്.ഐ രാജീവൻ,​സി.പി.ഒമാരായ റിയാസ്,ശ്രീനാഥ്,​അനിൽ,ഷംനാദ്,പ്രശാന്ത് എന്നിവരുൾപ്പെട്ട സംഘമാണ് മണമ്പൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.