
തിരുവനന്തപുരം: റോഡപകടത്തിൽപെടുന്ന ഒരാളുടെ ജീവൻ രക്ഷിച്ചാൽ 5,000 രൂപ പാരിതോഷികം നൽകും വിധമാണ് മോട്ടോർ വാഹന വകുപ്പ് 'സേവ്' പദ്ധതി നടപ്പാക്കുക. ഇതിനുളള പണത്തിന് കേന്ദ്രസർക്കാരിനെ സമീപിക്കും.
റോഡപകടങ്ങൾ കുറയ്‌ക്കുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്. ഇതിനായി സേവ്, സോഫ്ട് (സേവ് ഔവർ ഫെലോ ട്രാവലർ) പദ്ധതികൾ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തും.
അപകട സ്ഥലത്ത് പെട്ടെന്ന് പൊലീസ് എത്തിയില്ലെങ്കിൽ രക്ഷാദൗത്യം ജനങ്ങൾ നിറവേറ്റാനുള്ള പദ്ധതിയാണ് 'സേവ്'. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അപകടത്തിൽപെട്ടവരെ കണ്ടാലും ഗൗനിക്കാതെ പോകുന്നവരും 'വയ്യാവേലി' ആകുമെന്ന് കരുതി രക്ഷാപ്രവർത്തനത്തിന് തയ്യാറാകാവത്തവരും ഉണ്ട്. അതുകൊണ്ടാണ് ബ്ലാക്ക് സ്പോട്ടുകൾക്ക് അടുത്തുള്ള കടക്കാർക്ക് ഉൾപ്പെടെ പരിശീലനവും പ്രതിഫലവും നൽകാൻ സർക്കാർ തീരുമാനിച്ചത്.പരിക്കേറ്റവരെ സേവ് പദ്ധതിയിലുള്ള ആശുപത്രികളിൽ എത്തിച്ചാൽ ഇവരുടെ സേവനം അവസാനിക്കും. ഈ ആശുപത്രികളുടെ ലിസ്റ്റ് ലഭ്യമാക്കും.
സെസ് ഈടാക്കും
അപകടത്തിൽപെടുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനുള്ള ഫണ്ടിന് നിശ്ചിത തുക സെസായി വാഹന രജിസ്ട്രേഷനൊപ്പം ഈടാക്കും. ഇത് ട്രഷറിയിലേക്ക് പോകില്ല. പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും.
നിലവിൽ:
റോഡപകടത്തിൽപെടുന്നവരെ ആർക്കും ആശുപത്രിയിൽ എത്തിക്കാം
ഇവരെ ആശുപത്രിയിൽ നിറുത്തി ബുദ്ധിമുട്ടിക്കുകയോ കേസിന്റെ ഭാഗമാക്കുകയോ ചെയ്യില്ല ജീവൻ രക്ഷിക്കുന്ന ആളുടെ അനുവാദത്തോടെ മാത്രമെ അയാളുടെ ഫോൺ നമ്പർ ആശുപത്രി അധികാരികൾ വാങ്ങി സൂക്ഷിക്കാവൂ.
സേവ് പദ്ധതി വന്നാൽ
പരിശീലനം കിട്ടുന്നവർ ആശുപത്രി അധികൃതർക്ക് പരിചിതരായിരിക്കും.
അപകടം ഉണ്ടാക്കുന്നവർ തന്നെ ഇരകളെ ആശുപത്രിയിലെത്തിച്ച് കടന്നു കളയുന്നതും ഒഴിവാകും.