cpm

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരായ സമരം കടുപ്പിക്കാൻ എൽ.ഡി.എഫ്. ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന ഡൽഹിയിലെ സമരത്തിന് യു.ഡി.എഫിനെയും ക്ഷണിക്കും.

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന ദേശീയ തലത്തിൽ ചർച്ചയാക്കി ബി.ജെ.പിക്കും കേന്ദ്രത്തിനുമെതിരെ പോർ മുഖം തുറക്കും. ഇടതു സർക്കാരിനെ ഭരണപരമായി ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആരോപണം ഉന്നയിക്കും.

സി.പി.എം നേതാക്കളെയും കുടുംബാംഗങ്ങളെയും കേന്ദ്ര ഏജൻസികൾ വഴി കേസിൽ കുടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും ഉയർത്തും.സംസ്ഥാന ഭരണത്തെ ഗവർണർ തടസപ്പെടുത്തുന്ന രീതിക്കെതിരെയും കനത്ത പ്രതിഷേധം ഉയർത്തും.നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്ന ഗവർണറുടെ നിലപാടിനെതിരെ നിയമ നടപടികളും തുടരും.

ഡൽഹി സമരത്തിന്റെ തിയതി അടക്കം നിശ്ചയിക്കാൻ ഇന്ന് എൽ.ഡി.എഫ് യോഗം ചേരും. രാവിലെ 10:30 എ.കെ.ജി സെന്ററിലാണ് യോഗം . ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളും ചർച്ചയാവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന ജാഥ വേണമോയെന്നു കാര്യവും ചർച്ചയായേക്കും.