1

ചൈനയിലെ ചെങ്ഡുവ് വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചൈനയിലെ സിച്ചുവാൻ എയർലൈൻസിന്റെ എ 332ാം നമ്പർ കാർഗോ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലിറക്കി. ഇന്നലെ രാവിലെയോടെ വിമാനം ചെന്നൈ വിമാനത്താവളത്തിന് മുകളിലെത്തിയിരുന്നു. എന്നാൽ മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥ മോശമാണെന്ന് കണ്ടതോടെ ലാൻഡിംഗ് നടത്താൻ കഴിയില്ലെന്ന് പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചു. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടാനുള്ള സന്ദേശം പൈലറ്റിന് ലഭിക്കുകയായിരുന്നു. മറ്റുവിമാനങ്ങൾ റൺവേയിൽ ഇല്ലെന്നും മറ്റുവിമാനങ്ങളുടെ ലാൻഡിംഗില്ലെന്നും ഉറപ്പുവരുത്തിയ ശേഷം എയർട്രാഫിക്ക് കൺട്രോൾ ടവറിൽ നിന്ന് ലാൻഡിംഗിനുള്ള അനുമതി നൽകി. ഇതോടെ രാവിലെ 8.37ന് വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. പിന്നീട് 10ഓടെ ചെന്നൈ വിമാനത്താവളത്തിലെ കാലാവസ്ഥ ശരിയായെന്ന് സന്ദേശമെത്തിയതിനെ തുടർന്ന് ഇന്ധനം കുറവായിരുന്ന വിമാനം ഇവിടെ നിന്ന് ഇന്ധനം നിറച്ചശേഷം തിരികെ ചെന്നൈയിലേക്ക് പറന്നു. രാജ്യത്തെ മറ്റുവിമാനത്താവളങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്ക് സുഗമമായി റൺവേ കാണാതെ തന്നെ റൺവേയിൽ ഇറങ്ങാൻ കഴിയുന്ന ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐ.എൽ.എസ്) പൂർണസജ്ജമാണ്. മൂടൽമഞ്ഞ് ഉണ്ടാകുന്ന സമയത്ത് പൈലറ്റുമാർ ഐ.എൽ.എസ് സിസ്റ്റം ഉപയോഗിച്ചാണ് ലാൻഡിംഗ് നടത്തുന്നത്.