kpcc

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ചിന്തകൾ കവിതയിലും പ്രതിഫലിപ്പിച്ച മഹദ് വ്യക്തിത്വമാണ് മഹാകവി കുമാരനാശാനെന്ന് ഡോ.ശശി തരൂർ എം.പി. കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ആശാൻ - വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനേഴാം വയസിൽ അരുവിപ്പുറത്തെത്തി ്രശീനാരായണ ഗുരുവിനെ നേരിൽക്കണ്ട് അദ്ദേഹത്തിന്റെ ദർശനങ്ങൾ മനസിലാക്കാൻ ആശാന് അവസരം കിട്ടി. മറ്റ് കവികളിൽ നിന്ന് വിഭിന്നമായി കേരളത്തിൽ നിലനിന്നിരുന്ന യാഥാർത്ഥ്യങ്ങൾ മനസിലാക്കിയാണ് കവിതകൾ രചിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ തിന്മകൾക്കും അനീതികൾക്കും എതിരെ കവിതകളിലൂടെ ആശാൻ ശബ്ദമുയർത്തി. എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായും ശ്രീമൂലം പ്രജാസഭാംഗമായും പ്രവർത്തിച്ച അദ്ദേഹം കവിതകൾക്ക് പുറമേ രാഷ്ട്രീയ മുഖ്രപസംഗങ്ങളും പുസ്തക നിരൂപണവും എഴുതിയിരുന്നു.

ജാതി വിവേചനമുൾപ്പെടെയുള്ള സമൂഹ്യ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പുതിയ ഭാഷയിൽ കവിത രചിച്ച മഹാനാണ് ആശാൻ. മനുഷ്യമനസിൽ നടക്കുന്ന കാര്യങ്ങൾ പ്രതിഫലിപ്പിച്ചു. ആശാന്റെ കവിതകൾ കാലത്തിന് അതീതമാണ്. കേരള നവോത്ഥാനത്തിലും സാഹിത്യ പരിണാമത്തിലും സുപ്രധാന പങ്കു വഹിച്ച അതുല്യപ്രതിഭയായിരുന്നു കുമാരനാശാനെന്നും തരൂർ അഭിപ്രായപ്പെട്ടു.

പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധുവിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, പ്രൊഫ.മാലൂർ മുരളീധരൻ,ഡോ. അജയൻ പനയറ,ഡോ നെടുമുടി ഹരികുമാർ,ഡോ.ബി എസ് ബാലചന്ദ്രൻ,ഡോ. കീർത്തി വിദ്യാസാഗർ,ബിന്നി സാഹിതി എന്നിവർ സംസാരിച്ചു.