photo

ചേർത്തല: ജോലി ഉപേക്ഷിച്ച് പൂർണമായി ആധുനിക കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ യുവാവിന്റെ കൃഷിയിടത്തിലെ വിളവുകൾ സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചു. വയലാർ പഞ്ചായത്ത് ആറാം വാർഡിൽ വേലിക്കകത്ത് വി.എസ്.നന്ദകുമാറിന്റെ കൃഷിത്തോട്ടത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടംവന്നതായി നന്ദകുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വയലാർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ മുക്കണ്ണൻ കവലയ്ക്ക് സമീപത്തെ ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു നന്ദകുമാർ കൃഷിയിറക്കിയത്. തണ്ണിമത്തനും കുക്കുമ്പറുമാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഏതാനും ദിവസത്തിനകം വിളവെടുക്കാൻ പാകമായവയാണ് മോഷ്ടിക്കപ്പെട്ടത്. പാതി വളർച്ചയെത്തിയ തണ്ണി മത്തനും കുക്കുമ്പറും പറിച്ചെടുത്ത് നശിപ്പിച്ചു. മറ്റുവിളകൾക്കും കാര്യമായ നാശം വരുത്തി. ബാങ്കിൽ നിന്നും ഒന്നര ലക്ഷം രുപ വായ്പ എടുത്താണ് കൃഷി നടത്തിയതെന്ന് നന്ദകുമാർ പറഞ്ഞു.