
വർക്കല: വനിതാ ഫാർമസിസ്റ്റിനെതിരെ അതിക്രമം നടത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. നടയറ സംസം നഗറിൽ പുതുവൽ പുത്തൻവീട്ടിൽ അനസാണ് (39) പിടിയിലായത്. വർക്കല ഗവ.താലൂക്ക് ആശുപത്രിയിൽ 13ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
ആശുപത്രിയിൽ രോഗിക്കൊപ്പമെത്തിയ അനസ് ഫാർമസിയിൽ നിന്ന് മരുന്ന് കൈപ്പറ്റിയ ശേഷം ഗുളികകൾ കഴിക്കേണ്ട വിധം കവറിന് പിന്നിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രിന്റഡ് കവറിൽ കഴിക്കേണ്ട സമയം വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ ജീവനക്കാരിയെ ഇയാൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി.
ആശുപത്രി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനസെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.