തിരുവനന്തപുരം: സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെ ഡൽഹിയിൽ സംയുക്ത സമരം നടത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണത്തിന് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയശേഷം നിലപാട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഓൺലൈനായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്.
സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രി ചർച്ചയിൽ വിശദമാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന നിസഹകരണവും വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളിൽ പ്രതിപക്ഷത്തിന് യോജിപ്പുണ്ടെങ്കിലും എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്ര അവഗണനയാണെന്ന വിശദീകരണത്തോട് യോജിക്കാനാവില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി യു.ഡി.എഫ് എം.പിമാർ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതും വ്യക്തമാക്കി.
ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണന. നികുതി പിരിവിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി സംവിധാനം പുന:സംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണെന്നും സതീശൻ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടിയും സമാന നിലപാടാണ് സ്വീകരിച്ചത്.