
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ഒടുവിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു.
വിവിധ സാങ്കേതിക തസ്തികകളിലേക്ക് ഏപ്രിലിനകം വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതിനായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ഒഴിവുകൾ ബോർഡിന് റിപ്പോർട്ട് ചെയ്തു തുടങ്ങി. നിലവിൽ 30 ലധികം തസ്തികകളിലെ ഒഴിവുകളുടെ വിവരമാണ് ബോർഡിന് ലഭിച്ചിട്ടുള്ളത്..ബോർഡ് രൂപീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയമന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നില്ലെന്ന് ക ഡിസംബർ 13 ന് 'കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പ്രവർത്തനം ഊർജ്ജിതമാക്കിയത് .
റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ സമാന യോഗ്യതയുള്ള തസ്തികയിലേക്ക് ഒരുമിച്ചാകും വിജ്ഞാപനം . അപേക്ഷകർ കൂടുതലുണ്ടെങ്കിൽ പരീക്ഷ നടത്തും. കുറവാണെങ്കിൽ ഇന്റർവ്യൂ, സ്‌കിൽ ടെസ്റ്റ് എന്നിവയിലൂടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സാങ്കേതിക, മിനിസ്റ്റീരിയൽ, ക്ലറിക്കൽ, ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും.പി.എസ്.സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ബോർഡിന് കീഴിലുള്ളത്. 20 സ്ഥാപനങ്ങളിലെ 588 തസ്തികളിലെ നിയമനമാണ് ബോർഡിന് വിട്ടുകൊടുത്തത്.