
#സമീപത്തെ റേഷൻകടകളെ
ആശ്രയിച്ചത് 10 ലക്ഷംപേർ
തിരുവനന്തപുരം: റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം തുടരുന്നതിനാൽ റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നു തുടങ്ങി. 1243 കടകളിൽ സ്റ്റോക്ക് പൂർണമായും തീർന്നുവെന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്. ഇതിൽ 62 എണ്ണം തിരുവനന്തപുരത്താണ്.
റേഷൻ വ്യാപാരികളുടെ കമ്മിഷനെയും ഇതു ബാധിക്കുന്നു. പോർട്ടബിലിറ്റി സംവിധാനം ഉള്ളതിനാൽ ഏതു കടയിൽ നിന്നും റേഷൻ വാങ്ങാം. സ്ഥിരമായി വാങ്ങുന്ന കടയിൽ സാധനമില്ലാതെ വന്നതോടെ നിരവധിപേർ സമീപപ്രദേശത്തെ കടയിൽ നിന്നു റേഷൻ വാങ്ങി. 10,27,045 പേരാണ് ഇത്തരത്തിൽ കടമാറി വാങ്ങിയത്.
സമരം നാലാം ദിവസത്തിലേക്ക് കടന്നു. റേഷൻ കടകളിലേക്കും എഫ്.സി.ഐ ഗോഡൗണുകളിലേക്കുമുള്ള ധാന്യ നീക്കമാണ് മുടങ്ങിയത്. മൂന്നു കരാറുകാർ പിൻവാങ്ങിയെങ്കിലും മറ്റുള്ളവർ സമരത്തിൽ ഉറച്ചു നിൽക്കുന്നു. റേഷൻ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ വാഹന കരാറുകാർക്ക് 100 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. 34 കോടിയെങ്കിലും നൽകണമെന്നാണ് അസോസിയേഷന്റെ നിലപാട്.
കരാറുകാർക്ക് നവംബറിലെ കുടിശ്ശികയും വ്യാപാരികൾക്ക്ഡിസംബറിലെ കമ്മിഷനും പൂർണ്ണമായും നൽകുന്നതിന് 38 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ല. ഇന്ന് തുക ലഭിക്കുമെന്നാണ് പ്രതീക്ഷ.
''സമരം നീളുന്നത് റേഷൻ വ്യാപാരികളുടെ വരുമാനത്തെയും ബാധിക്കും. മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണം''
-ടി.മുഹമ്മദാലി, ജനറൽ സെക്രട്ടറി,
ആൾ കേരളാ റീട്ടെയിൽ റേഷൻ
ഡീലേഴ്സ് അസോസിയേഷൻ
'' സാമ്പത്തിക പരാധീനതകൊണ്ടാണ് കരാറുകാർ പണി നിറുത്തിവെച്ചത്. രണ്ടു മാസത്തെ കുടിശ്ശിക തന്നെ താങ്ങാവുന്നതിനും അപ്പുറമാണ്.''
-ഫഹദ് ബിൻ ഇസ്മയിൽ,
പ്രസിഡന്റ്, കേരള ട്രാൻസ്‌പോർട്ടിംഗ്
കോൺട്രാക്ടേഴ്സ് അസോസിയേഷൻ