
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കേരള ഗവൺമെന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.ഐ.എം.എ) അവാർഡ് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ കെ.എസ്.അരവിന്ദിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പിന്നീട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡ് സമ്മാനിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.വിനോദ് പി.കെ, ജനറൽ സെക്രട്ടറി ഡോ.എസ്.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. കഴിഞ്ഞ ഒരുവർഷം ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തകളുടെ മികവ് പരിഗണിച്ചാണ് അരവിന്ദിന് പുരസ്കാരം നൽകുന്നത്. പാച്ചല്ലൂർ 'രേവതിയിൽ' എസ്.സുമയുടെ മകനാണ് അരവിന്ദ്.
ദൃശ്യ മാദ്ധ്യമ രംഗത്തെ പുരസ്കാരം കൈരളി ന്യൂസിലെ സീനിയർ റിപ്പോർട്ടർ നൃപൻ ചക്രവർത്തിക്കാണ്. സംസ്ഥാന സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ഇ.എസ്.ഐ ഡോക്ടർമാരുടെ ഏക സംഘടനയാണ് കെ.ജി.ഐ.എം.എ.