വിതുര: നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന വിതുര ഗവ.താലൂക്ക് ആശുപത്രി സൗകര്യങ്ങളില്ലാതെ വലയുന്നു. താലൂക്ക് ആശുപത്രിയെ ഇപ്പോൾ റഫറൻസ് ആശുപത്രി എന്നാണ് പറയുന്നത്. ഇവിടെയെത്തുന്ന രോഗികളെ മതിയായ ചികിത്സ നൽകാതെ മെഡിക്കൽകോളേജ് ആശുപത്രിയിലോ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ അയക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രസവവേദനയുമായെത്തിയ വീട്ടമ്മയെ 18 കിലോമീറ്റർ ദൂരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. വിതുരയിൽ നിന്ന് നെടുമങ്ങാട്ടേക്ക് അയച്ച ഗർഭിണി വഴി മദ്ധ്യേ ആംബുലൻസിൽ പ്രസവിച്ചു.
ഏതാനും വർഷങ്ങൾക്ക് മുൻപുവരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി പിന്നീട് നാഥനില്ലാക്കളരിയായി മാറുകയായിരുന്നു. ആശുപത്രിക്ക് രോഗം ബാധിച്ചിട്ട് ആറ് വർഷമാകുന്നു.
വിതുര സി.എച്ച്.സിയെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തെങ്കിലും ഭരണം മാറിയതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയിലായി. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും, ജില്ലാപഞ്ചായത്തിനും, അനവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു
താലൂക്ക് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനും ഭൗതിക പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി ആശുപത്രി ജില്ലാപഞ്ചായത്ത് ഏറ്റെടുക്കണമെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് 2017 ആഗസ്റ്റിൽ അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഭരണനിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചു. വിശദ പരിശോധനയ്ക്കുശേഷം ഭരണച്ചുമതല ജില്ലാ പഞ്ചായത്തിനു വിട്ടു നൽകാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
പരാധീനതകൾ ഏറെ
താലൂക്ക് ആശുപത്രിയുടെ കാറ്റഗറിയിലേക്ക് ഉയർന്നെങ്കിലും മതിയായ ഡോക്ടർമാരോ പശ്ചാത്തല സൗകര്യങ്ങളോ ഇതുവരെ ആശുപത്രിയിലില്ല. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് ഏഴ് വർഷം കഴിഞ്ഞു. ഓർത്തോ വിഭാഗം നിലവിലില്ല. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള കാഷ്വാലിറ്റി വിംഗും നിലവിലില്ല. നിലവിലുള്ള പരിമിതികൾക്കെല്ലാം പരിഹാരം കാണാനും ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ആശുപത്രിയെ ഉയർത്താനുമുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് സ്വീകരിക്കുമെന്നും അന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ നാളിതുവരെയായിട്ടും പ്രവർത്തനം ഒന്നും നടന്നില്ല.
മന്ത്രി സന്ദർശിച്ചിട്ടും ഫലമില്ല
വിതുര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നതിനെ തുടർന്ന് ഒരുവർഷം മുൻപ് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു.അനവധി ക്രമക്കേടുകളാണ് മന്ത്രി കണ്ടെത്തിയത്. അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്.