
നെയ്യാറ്റിൻകര: ആലുംമൂട് ജംഗ്ഷൻ ആശുപത്രി റോഡിലെ വഴിയോരവാണിഭം വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാരെ ദുരിതത്തിലാക്കിയിട്ടും നടപടിയില്ല. വ്യാപാരികളെ ഒഴിപ്പിക്കാൻ പൊലീസും തയാറാവുന്നില്ല. നഗരസഭയുടെ മൗനാനുമതിയോടെയാണ് ഇവിടെ വഴിവാണിഭക്കാർ കച്ചവടം നടത്തുന്നതെന്നാണ് ആക്ഷേപം. ഇരുപതോളം വരുന്ന വ്യാപാരികളാണ് വഴി കൈയേറി ഇവിടെ കച്ചവടം നടത്തുന്നത്. എസ്.ബി.ഐ ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെയാണ് വഴിവാണിഭം വർദ്ധിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര ബോയ്സ് ഗേൾസ് എന്നീ സ്കൂളുകൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് സ്കൂളുകളിലുമായി നാലായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തിരക്കേറിയ റോഡിലൂടെ വിദ്യാർത്ഥികളടക്കമുള്ളവർ സഞ്ചരിക്കുമ്പോൾ വഴിവാണിഭം കാൽനടയാത്രക്കാർക്ക് തടസമാവുകയാണ് പതിവ്. നിരവധി വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തുണിത്തരങ്ങൾ, പാദരക്ഷകൾ, പച്ചക്കറി ഇനങ്ങൾ എന്നിവയുടെ വ്യാപാരമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. റോഡിന്റെ ടാർ പ്രദേശത്താണ് വ്യാപാരം പതിവായിട്ടുള്ളത്. അതിനാൽ സാധനം വാങ്ങാനെത്തുന്നവർ തിങ്ങിനിറഞ്ഞു നിൽക്കുന്നത് അപകടസാദ്ധ്യതയ്ക്ക് ആക്കം കൂട്ടുന്നു. വഴിയോരക്കച്ചവടം വർദ്ധിച്ചതിനാൽ സമീപപ്രദേശത്തെ ടെക്സ്റ്റയിൽസുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ കച്ചവടവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഗതാഗതക്കുരുക്കും പതിവ്
വ്യാപാരം നടക്കുന്നതിന്റെ മദ്ധ്യഭാഗത്തായാണ് നെയ്യാറ്റിൻകരയിലേക്കുള്ള ബസുകൾ ആളുകളെ ഇറക്കുന്നത്. പലപ്പോഴും റോഡിൽ വാഹനം നിറുത്തിയിട്ട് ആളുകളെ ഇറക്കുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ ട്രാഫിക് തടസവും സമീപത്ത സർക്കാർ ഓഫീസിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനും തടസമാണ്. അനധികൃത വഴിയോര വാണിഭം പ്രവർത്തിക്കുന്ന ജീവനക്കാർ വഴിയാത്രികരായ സ്ത്രീകളെയും വിദ്യാർത്ഥികളെയും ശല്യം ചെയ്തിട്ടുള്ള നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് രണ്ട് തട്ടുകടക്കാർ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. താലൂക്ക് ഓഫീസിന് മുൻവശത്തുള്ള വയോവൃദ്ധരായ ഭാര്യയേയും ഭർത്താവിനെയും മർദ്ദിച്ച സംഭവം പൊലീസ് കേസാക്കിയിരുന്നു.