a

കടയ്ക്കാവൂർ: കവിതാരചനയിൽ കുമാരനാശാനെ വളരെ സ്വാധീനിച്ച ഒരിടമാണ് നെടുങ്ങണ്ട അരിയിട്ടകുന്നിലെ ചെമ്പകമരവും പ്രകൃതിസൗന്ദര്യവും. ഇവിടത്തെ ചെമ്പകമരങ്ങൾക്ക് 250 വർഷത്തിലേറെ പ്രായമുണ്ടെന്നാണ് വിശ്വാസം.നെടുങ്ങണ്ട ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജിനും നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിനും മങ്കുഴി മാധവൻ മെമ്മോറിയൽ എൽ.പി സ്കൂളിനുമടുത്താണ് ചെമ്പകത്തറ. പടിഞ്ഞാറോട്ട് നോക്കിയാൽ കല്പക വൃക്ഷങ്ങൾക്കപ്പുറത്ത് അറേബ്യൻ കടൽ.

തെക്കോട്ട് കണ്ണോടിച്ചാൽ കായിക്കര ആശാൻ സ്മാരകം. കിഴക്ക് അഞ്ചുതെങ്ങ് കായലും. കായലിന്റെ മദ്ധ്യേ പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്രവും അതിനും കിഴക്ക് കുന്നിൻ നിരകളും.ചെറുപ്രായത്തിൽ ഈ ചെമ്പകച്ചോട്ടിലിരുന്ന് കവിതകൾ തുണ്ട് പേപ്പറിൽ എഴുതി പറത്തുമായിരുന്നെന്ന് ആശാൻ തന്നെ പറഞ്ഞിട്ടുള്ളതായി പഴമക്കാർ പറയുന്നു. നാടിന്റെ പലഭാഗങ്ങളിൽ നിന്ന് സാഹിത്യ വിദ്യാർത്ഥികളെത്തി ഈ ചെമ്പകത്തറയിൽ കവിതാലാപനങ്ങളും ചർച്ചകളും നടത്തുക പതിവാണ്. ചരിത്ര പ്രാധാന്യമുള്ള ചെമ്പകത്തറ അർഹമായ പ്രാധാന്യത്തോടെ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.