തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഈഞ്ചയ്ക്കലിൽ ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ നിർമ്മിക്കാൻ പോകുന്ന ഫ്ലൈഒാവർ യാഥാർത്ഥ്യമാകാൻ ഇനിയും വൈകും. ഫ്ലൈഒാവറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ടെൻഡർ ആയിട്ടില്ലെന്നാണ് ദേശീയപാത അതോറിട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
ഫ്ലൈഒാവറിന്റെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ദേശീയപാത അതോറിട്ടി അംഗീകരിച്ചിരുന്നു. എന്നാൽ ഇതുവരെയും ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതേത്തുടർന്നാണ് നിർമ്മാണനടപടികൾ വൈകുന്നത്. ടെൻഡർ പൂർത്തിയായാൽ ഒരുമാസത്തിനകം നിർമ്മാണപ്രവർത്തനം തുടങ്ങാനാണ് ദേശീയപാത അതോറിട്ടിയുടെ നീക്കം.
ദേശീയപാത 66ൽ ചാക്ക ഫ്ലൈഒാവർ മുതൽ മുട്ടത്തറ വരെയാണ് ഇൗഞ്ചയ്ക്കൽ ഫ്ലൈഒാവർ നിർമ്മിക്കുന്നത്. 55 കോടി രൂപ ചെലവിട്ട് നാലുവരിപ്പാതയായാണ് ഫ്ലൈഒാവറിന്റെ നിർമ്മാണം.

ഫ്ലൈഒാവർ യാഥാർത്ഥ്യമാകുന്നതോടെ കോവളം,ശംഖുംമുഖം,വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനാകും. കൂടാതെ കഴക്കൂട്ടം, കോവളം, വിഴിഞ്ഞം, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് തടസമില്ലാതെ സഞ്ചരിക്കാനും സാധിക്കും. എന്നാൽ ഫ്ലൈഒാവറിനുള്ള നടപടികൾ വൈകുന്നതിനാൽ ഇൗഞ്ചയ്ക്കൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്കും അനന്തമായി നീളുകയാണ്.