
തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ ,പുരുഷ-വനിതാ പൊലീസ് കോൺസ്റ്റബിൾ എന്നിവയ്ക്കുള്ള പരീക്ഷകൾ തുടങ്ങാനിരിക്കെ പ്രധാന വിഷയങ്ങളിലൊന്നായ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ച ആശങ്ക അകലുന്നില്ല.
കേന്ദ്ര സർക്കാരിന്റെ പുതിയ ക്രിമിനൽ നിയമങ്ങളിലെ വകുപ്പുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇക്കാരണത്താൽ പി.എസ്.സി പ്രസിദ്ധീകരിച്ച സിലബസിൽ പുതിയ നിയമങ്ങളുടെ സെക്ഷൻ നമ്പരുകൾ ഒഴിവാക്കിയതാണ് പ്രതിസന്ധിയായത്. ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയ്ക്കായി പാർലമെന്റ് അംഗീകരിച്ച ബില്ലുകളിൽ ഡിസംബർ 25 നാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇന്ത്യൻ പീനൽ കോഡ്, എവിഡൻസ് ആക്ട്, ക്രിമിനൽ നടപടിച്ചട്ടം എന്നിവ അനുസരിച്ച് പി.എസ്. സി. തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് ഇപ്പോഴുള്ളത്. ഇവ ഓരോന്നിന്റെയും സെക്ഷനടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ തവണത്തെ പാഠ്യപദ്ധതിയിൽ പി.എസ്.സി. ഉൾപ്പെടുത്തിയിരുന്നു.
കേന്ദ്ര സർക്കാർ പുതിയ ക്രിമിനൽ നിയമങ്ങളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമ്പോൾ മാത്രമേ സെക്‌ഷൻ നമ്പരുകളിൽ വ്യക്തത വരൂ. എന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പി.എസ്.സി. നിശ്ചയിച്ചിരിക്കുന്ന പരീക്ഷത്തീയതിയ്ക്കകം ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. പഠനവസ്തുക്കൾ കണ്ടെത്തി പഠിക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗാർത്ഥികളുടെ ചുമലിലായിരിക്കുകയാണ്. പുതിയ നിയമ സംഹിതയിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചോദ്യം തയ്യാറാക്കുന്നതെങ്കിൽ അവ പഠിക്കാൻ ഉദ്യോഗാർത്ഥികൾക്ക് മതിയായ സമയം അനുവദിക്കണം.
പരീക്ഷ ഏപ്രിൽ മുതൽ പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി പ്രാഥമിക പരീക്ഷ : ഏപ്രിൽ - ജൂൺ മുഖ്യപരീക്ഷ : ഓഗസ്റ്റ്-ഒക്ടോബർ പുരുഷ-വനിതാ പൊലീസ് കോൺസ്റ്റബിൾ: മേയ്- ജൂലായ്
ക്രിമിനൽ നിയമങ്ങൾ എസ്.ഐ. മുഖ്യപരീക്ഷയിൽ- 45 മാർക്കിന് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ - 20 മാർക്കിന്
ആറ്തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ആറ് തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേന്ന പി.എസ്.സി യോഗം തീരുമാനിച്ചു.കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ (കാറ്റഗറി നമ്പർ 12/2022), പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 59/2023)., പ്യൂൺ/വാച്ച്മാൻ - ഒന്നാം എൻ.സി.എ. മുസ്ലിം (കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 105/2023), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 103/2023), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) ടെക്നിക്കൽ സൂപ്പർവൈസർ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 701/2022, 702/2022), വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 - രണ്ടാം എൻ.സി.എ. പട്ടികവർഗ്ഗം, എസ്.സി.സി.സി., ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 221/2023, 222/2023, 223/2023) തസ്തികകളിലേക്കാണ് സാദ്ധ്യതാപട്ടിക.
ചുരുക്കപട്ടിക
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 31/2023),കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ മൃദംഗം (കാറ്റഗറി നമ്പർ 45/2022),കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 308/2022, 57/2023),ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് - ആറാം എൻ.സി.എ മുസ്ലിം, ധീവര, പട്ടികജാതി, ഒ.ബി.സി (അഞ്ചാം എൻ.സി.എ) (കാറ്റഗറി നമ്പർ 204/2023, 205/2023, 206/2023, 208/2023),കേരള ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 419/2022),കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് - നാലാം എൻ.സി.എ പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 12/2023, 13/2023),കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് - ഒന്നാം എൻ.സി.എ - എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 69/2023) തസ്തികളിലേക്കാണ് ചുരുക്കപ്പട്ടിക.