
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ പരമോന്നത അംഗീകാരമായ 2022ലെ രാജാരവിവർമ്മ പുരസ്കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവയ്ക്കാണ് പുരസ്കാരം. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.
എഴുത്തുകാരനും ആർട്ട് ക്യുറേറ്ററുമായ സദാനന്ദ മേനോൻ ചെയർമാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശൻ, കെ.എം. മധുസൂദനൻ, കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സമകാലികർക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തർദ്ദേശീയമായും അംഗീകരിക്കപ്പെടാനും
സുരേന്ദ്രൻ നായരുടെ കലയ്ക്ക് കഴിഞ്ഞെന്ന് ജൂറി വിലയിരുത്തി.