ശംഖുംമുഖം: സാമ്പത്തിക ചെലവ് കുറച്ച് തീരസംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പൂന്തുറയിൽ രണ്ടാംഘട്ട ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ പൂന്തുറയിൽ 100 മീറ്റർ ജിയോ ട്യൂബ് സ്ഥാപിച്ചപ്പോൾ നഷ്ടമായ തീരങ്ങൾ തിരികെ വന്നതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ സഹായത്തോടെ 20 കോടി രൂപ മുടക്കി 700 മീറ്റർ വരുന്ന തീരത്ത് രണ്ടാംഘട്ടം ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. അഞ്ച് മാസത്തിനകം ഇതിന്റെ പണി പൂർത്തിയാക്കും. പദ്ധതി വിജയം കണ്ടാൽ അടുത്ത ഘട്ടത്തിൽ 150 കോടി രൂപ മുടക്കി പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള ഭാഗത്ത് ജിയോ ട്യൂബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂന്തുറയിൽ പുലിമുട്ടുകൾ ബലപ്പെടുത്തുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി ആന്റണി രാജു എം.എൽ.എ പറഞ്ഞു. വിഴിഞ്ഞത്ത് ഉപയോഗിച്ച ത്രികോണ ആകൃതിയിലുള്ള കോൺക്രീറ്റ് കട്ടികൾ ഉപയോഗിച്ചായിരിക്കും പുലിമുട്ടുകൾ ബലപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. തീരവികസന കോർപ്പറേഷൻ എം.ഡി ഷേഖ് പരീത്,പൂന്തുറ ഇടവക വികാരി ഫാ.ഡാർവിൻ എന്നിവർ പങ്കെടുത്തു.