kaumudi

തിരുവനന്തപുരം: സംസ്ഥാനത്തെ നിർമ്മാണ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഭവനനയം ഈ വർഷം കൊണ്ടുവരുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. ജനസംഖ്യ, നഗരവത്കരണം, ടൂറിസം തുടങ്ങിയ ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അഫോർഡബിൾ ഹൗസിംഗ് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളകൗമുദി - സെറ ബിൽഡേഴ്സ് പുരസ്കാര വിതരണ ചടങ്ങ് മാസ്കറ്ര് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2018ലെ പ്രളയം വലിയ അടയാളപ്പെടുത്തലാണ് സംസ്ഥാനത്തിന് നൽകിയത്. 30,000 കോടിയുടെ നഷ്ടം നേരിട്ടു. കേന്ദ്രകാലാവസ്ഥാ പ്രവചനമനുസരിച്ചുള്ള മുന്നറിയിപ്പ് നൽകാത്തത് ദുരന്തമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്തുണ്ടായത്. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നതിന്റെ തലേന്ന് തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 173 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇതെല്ലാം പരിഗണിച്ചുള്ള നിർമ്മാണമാണ് വേണ്ടത്.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 40 കോടി ചെലവിൽ വാഴമുട്ടത്ത് ഏഴ് ഏക്കറിൽ നാഷണൽ ഹൗസിംഗ് പാർക്കിന്റെ നിർമ്മാണം ഈ വർഷം തുടങ്ങും. വ്യത്യസ്ഥ നിർമ്മാണ രീതികൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യം. കെട്ടിടനിർമ്മാണത്തിനു വേണ്ട വിവിധ സാധനങ്ങളും ലഭ്യമാക്കും. അടുത്ത വർഷം പദ്ധതി പൂർത്തിയാക്കും. വാർത്തകളുടെ വർണ്ണാഭമായ വേദികളിലേക്ക് പോകാതെ, കൂട്ടിയോജിപ്പിക്കാവുന്ന എല്ലാ വർണ്ണങ്ങളെയും സമന്വയിപ്പിച്ച് വാർത്തകൾ സൃഷ്ടിക്കുന്നുവെന്നതാണ് കേരള കൗമുദിയെ വ്യത്യസ്തമാക്കുന്നതെന്നും മന്ത്രി രാജൻ വ്യക്തമാക്കി. നിർമ്മാണ രംഗത്തെ പ്രമുഖർക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി. റെജി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതവും ജനറൽ മാനേജർ (മാർക്കറ്റിംഗ്) ഷിറാസ്ജലാൽ നന്ദിയും പറഞ്ഞു.

കോണ്ടൂർ ഗ്രൂപ്പ് ജനറൽ മാനേജർ ശ്രീജിത്ത് ആർ. നായർ, സൺ ഹോംസ് എം.ഡി സജീവ്, മരുതം ഗ്രൂപ്പ് ചീഫ് മാനേജർ രങ്കരാജ്, കോർഡിയൽ ഡെവലപ്പേഴ്സ് എം.ഡി വിവേക്, കോർഡിയൽ പ്രോപ്പർറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് ഹെഡ് ജിൻസ് ജോർജ്, കോർഡോൺ എം.ഡി അരുൺ, മൈക്കിൾ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എം.ഡി സിനിപ്രവീൺ, ചോതീസ് ബിൽഡിംഗ് പ്രൊമോട്ടേഴ്സ് പ്രൈ.ലിമിറ്റഡ് ജനറൽ മാനേജർ പ്രസന്നകുമാർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സെറ സീനിയർ മാനേജർ ബെന്നി കെ. ജോണിനും സരസ്വതി എന്റർപ്രൈസസിലെ ഐശ്വര്യ എസ്.ദാസിനും കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.