കരിമണ്ണൂർ: ആസാം സ്വദേശികൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾ മറ്റൊരാളുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതി ദിനേശ് ഗോകുലിനെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.30ന് ഉടുമ്പന്നൂർ അമയപ്രയിലായിരുന്നു സംഭവം. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ആസ്സാം സ്വദേശി ഉമേഷിനെയാണ് (32) സുഹൃത്തായ ദിനേശ് ഗോകുൽ ചുറ്റികയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ശാസ്ത്ര ക്രിയയ്ക്ക് വിധേയനാക്കി. കരിമണ്ണൂർ സി.ഐ ധനജ്ഞയദാസ്, എസ്‌.ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.