പേരൂർക്കട: സ്വകാര്യ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേർ റിമാൻഡിൽ. ശാഖാ മുൻ മാനേജർ ചേർത്തല സ്വദേശിയും കേശവദാസപുരം കാക്കനാട് ലെയിൻ നിസാം മൻസിലിൽ വാടകയ്‌ക്ക് താമസിക്കുന്നയാളുമായ രമേഷ് (31),കുടപ്പനക്കുന്ന് കിണവൂർ അഞ്ചുമുക്ക് വയൽ നസ്രത്തിൽ വർഗീസ് (43),നെടുമങ്ങാട് പൂവത്തൂർ വേങ്കവിള ചന്ദ്രോദയം വീട്ടിൽ കിഷോർ (42) എന്നിവരാണ് റിമാൻഡിലായത്. ലോക്കറിൽ ഏകദേശം 96 ലക്ഷത്തിന്റെ സ്വർണമുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ' നാലാഞ്ചിറയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലാണ് സംഭവം. ഇടപാടുകാരായ ഏഴുപേർ പണയമുതലായി നൽകിയ 1727 ഗ്രാം ( ഏകദേശം 215 പവൻ ) സ്വർണമാണ് ബാങ്കിന്റെ ലോക്കറിൽ നിന്ന് നഷ്ടമായത്. ഒന്നാം പ്രതിയായ മുൻ മാനേജർ രമേഷ് 2023 നവംബർ 4ന് ഒറ്റയ്‌ക്കാണ് മോഷണം നടത്തിയത്. നവംബർ 10ന് ഇയാൾ പാളയം ശാഖയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു.

സ്വർണം നഷ്ടമായ വിവരം പിന്നീട് ഓഡിറ്റിംഗിലൂടെ മനസിലാക്കിയ ബാങ്ക് റീജിയണൽ മാനേജരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവം നടന്ന ദിവസം ബാങ്കിലെ സി.സി ടിവി ഓഫ് ചെയ്‌ത നിലയിലും തുടർന്നുള്ള ചില ദിവസങ്ങളിലെ ദൃശ്യങ്ങൾ മായ്ച്ച നിലയിലും പൊലീസ് കണ്ടെത്തി. തുടർന്ന് ജീവനക്കാരുടെ വീടുകൾ പരിശോധിച്ചപ്പോൾ രമേശിന്റെ വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇയാൾ പിടിയിലായത്.

രണ്ടാംപ്രതിയായ വർഗീസ് പേരൂർക്കടയിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുകയാണ്. ലോൺ സംബന്ധമായ കാര്യങ്ങൾ ശരിയാക്കി നൽകിയതിലൂടെയാണ് രമേഷുമായി ഇയാൾ പരിചയപ്പെട്ടത്. കിഷോറും വർഗീസുമായി വർഷങ്ങളുടെ പരിചയമുണ്ട്. മോഷ്ടിച്ച സ്വർണം കിഷോറിന്റെ സഹായത്തോടെ നെടുമങ്ങാട്ടെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികൾക്കുമായി വില്പന നടത്തി. തൊണ്ടിമുതൽ ഏറക്കുറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.