
തിരുവല്ല : ഗുണ്ടാപ്പിരിവ് നൽകാത്തതിൽ പ്രകോപിതനായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാനേതാവ് വീയപുരം ഗുരുനാഥൻ പറമ്പിൽ ഷിബു ഇബ്രാഹിം (വീയപുരം ഷിബു -45) പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. നിരണം കിഴക്കുംഭാഗം കിഴക്കേപ്പറമ്പിൽ സുരോജി(61)നെ ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച രാത്രി 7നാണ് സംഭവം. സുരാജിന്റെ വീട്ടിലെത്തിയ ഇയാൾ 25,000 രൂപ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പണം നൽകാത്തതിനെ തുടർന്ന് ക്രൂരമായി മർദ്ദിച്ചു. നിലത്തുവീണ സുരോജിന്റെ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സുരാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതക കേസുൾപ്പെടെ 18 ക്രിമിനൽ കേസുകളിൽ ഷിബു പ്രതിയാണ്. ഹെൽത്ത് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നേരിടുകയാണ്. തിരുവല്ല ഡിവൈ.എസ്.പി അഷാദിന്റെ നിർദ്ദേശപ്രകാരം പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ഇ. അജീബ്, എസ്.ഐ.മാരായ ഷെജിം, കുരുവിള സക്കറിയ, സി.പി.ഒ മാരായ റിയാസ്, നവീൻ,ശിവപ്രസാദ് എന്നിവരുടെ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.