
തൊടിയൂർ: കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കാസർകോട്ട് അറസ്റ്റിലായി. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് സ്വദേശി നൗഷാദ് അബ്ദുൾ റഹീമിനെയാണ് (42) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ മർദ്ദനമേറ്റ് മരിച്ചത്. പ്രതികളിലൊരാളായ നൗഷാദ് കാസർകോട്ടെ സുഹൃത്തിനടുത്തെത്തി. സുഹൃത്തിൽ നിന്നു പണം വാങ്ങി മംഗളൂരുവിനടുത്ത ആരാധന കേന്ദ്രത്തിൽ പോയി മടങ്ങും വഴിയാണ് തിങ്കളാഴ്ച രാവിലെ കാസർകോട് പൊലീസിന്റെ സഹായത്തോടെ കരുനാഗപ്പള്ളിയിൽ നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ കാസർകോട്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. സംഭവത്തിൽ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. 15 ഓളം പേർക്കെതിരെയാണ് കേസ്.