തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീത വീജയനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ദ്വിഭാഷിയെ നിയമിക്കണമെന്ന് പ്രോസിക്യൂഷന്റെ ഹർജി. പ്രതിയായ തമിഴ്‌നാട് കാവൽകിണർ സ്വദേശി രാജേന്ദ്രന് കേസിന്റെ വിചാരണ മനസിലാക്കാനാണിത്. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് കേസ് പരിഗണിക്കുന്നത്. ദ്വിഭാഷിയില്ലാതെ വിചാരണ നടത്തിയാൽ തനിക്കൊന്നും മനസിലായില്ലെന്ന് പ്രതി എതിർ വാദമുന്നയിക്കാനിടയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ക്രിമിനൽ നടപടി ചട്ടപ്രകാരം വിചാരണ പ്രതിയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.

ലോക്ക്ഡൗണിനിടെ 2022 ഫെബ്രുവരി ആറിനാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗരത്തിൽ വച്ച് കുത്തിക്കൊന്നത്. വിനീതയുടെ നാലുപവന്റെ മാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട്ടിൽ കസ്റ്റംസ് ഓഫീസറെയും മൂന്ന് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ ശേഷം കേരളത്തിൽ ഒളിവിൽ കഴിയവെയാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ ആശ്രയിക്കുന്നത് ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകളാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.