
തിരുവനന്തപുരം: അയോദ്ധ്യ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രസ്താവനയെ തുടർന്ന് സൈബർ ആക്രമണം നേരിടുന്ന ഗായിക കെ.എസ്. ചിത്രയ്‌ക്ക്
പിന്തുണയുമായി സമൂഹം. വിഗ്രഹ പ്രതിഷ്ഠ നടക്കുമ്പോൾ രാമനാമം ജപിക്കണമെന്നും സന്ധ്യയ്ക്ക് വീട്ടിൽ ദീപം തെളിക്കണമെന്നുമായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളടക്കം സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രയെ അവഹേളിച്ചത്.
രാഷ്ട്രീയം പറയാതിരുന്നിട്ടും ചിത്രയെ വിമർശിച്ചാൽ ശ്രദ്ധ നേടാമെന്ന ചിന്തയിൽ സംഗീത രംഗത്തു നിന്നുള്ള ചിലരും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവുമായി എത്തിയിരുന്നു. ചിത്രയെ അനുകൂലിച്ച ഗായകൻ ജി. വേണുഗോപാലിനേയും ചിലർ വിമർശിച്ചു. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത നടി ശോഭനയ്‌ക്കെതിരെ വിമർശനമുയർന്നിരുന്നു.
15നാണ് ചിത്രയുടെ വീഡിയോ പ്രചരിക്കപ്പെട്ടത്. ആദ്യമൊക്കെ ഒറ്റപ്പെട്ട കമന്റുകളായും പോസ്റ്റുകളുമാണ് ഇതിനെതിരെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സൂരജ് സന്തോഷ് എന്ന അധികമാരും അറിയാത്ത ഗായകന്റെ സമൂഹ മാദ്ധ്യമത്തിലെ അഭിപ്രായ പ്രകടനം പ്രമുഖ ഓൺലൈൻ മാദ്ധ്യമം വാർത്തയാക്കിയതോടെയാണ് വിവാദം ആളിക്കത്തിയത്. തുടർന്ന് ചിത്രയുടെ ഒഫിഷ്യൽ പേജിലെ പോസ്റ്റുകൾക്ക് താഴെയും രാഷ്ട്രീയവും വർഗീയതയും നിറഞ്ഞ കമന്റുകൾ നിറഞ്ഞു. ഇതിനെതിരെയാണ് രാഷ്ട്രീയ സാസ്കാരിക രംഗത്തുള്ളവരും സാധാരണക്കാരും ചിത്രയ്‌ക്ക് പിന്തുണയുമായെത്തിയത്.
 സങ്കടമുണ്ടാക്കുന്നുവെന്ന് ജി. വേണുഗോപാൽ
സെബർ ആക്രമണം ചിത്രയ്ക്ക് വല്ലാത്ത സങ്കടമുണ്ടാക്കിയെന്ന് ജി. വേണുഗോപാൽ. 44 വർഷങ്ങളിൽ അവർ പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഭാരതത്തിലെ വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ഈ വിഷയത്തിലുള്ളത്. സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന ഇതിനപ്പുറമൊന്നും ചിത്രയുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേയെന്നും വേണുഗോപാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
'കെ.എസ്, ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പൊലീസ് കാണുന്നില്ലേ. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അവർ ആക്രമിക്കപ്പെടുന്നത്. ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് ചിത്രയ്ക്കെതിരെ രംഗത്ത് വന്നത്". - വി. മുരളീധരൻ, കേന്ദ്രമന്ത്രി
'രാമക്ഷേത്രം പണിയാൻ സുപ്രീംകോടതിയാണ് അനുമതി നൽകിയത്. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല''.
- സജി ചെറിയാൻ, സാംസ്കാരിക മന്ത്രി
'അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്".
- വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്
'ചിത്രയ്ക്കെതിരായ സൈബർ ആക്രമണം ലജ്ജാകരമാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണുള്ളത്".
- ഖുശ്ബു, ദേശീയ വനിത കമ്മിഷൻ അംഗം