തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനും മണ്ണന്തല സ്വദേശിയുമായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും മൂന്ന് സാക്ഷികൾക്കും കോടതിയുടെ വാറണ്ട്. വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാലാണിത്. നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് കേസ് പരിഗണിച്ചത്. രണ്ടാം പ്രതിയും ശംഖുംമുഖം വാട്ട്‌സ് റോഡ് സ്വദേശിയുമായ വെളളി നാരായണൻ എന്ന നാരായണൻ കുട്ടി, പ്രധാന സാക്ഷികളായ കേരളാദിത്യപുരം കുന്നത്ത് വിളയ്ക്കൽ സൗഹൃദ നഗർ വിനോദ്, നാലാഞ്ചിറ മഠത്തുനട ക്രിസ്ത്യൻ പളളിക്ക് സമീപം സുരേഷ്, ഉളളൂർ ചെഞ്ചേരി എസ്. എസ്. ഭവനിൽ സജിത് കുമാർ എന്നിവർക്കാണ് വാറണ്ട്.

12 പ്രതികളാണ് ആകെയുള്ളത്.

പ്രതികൾ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണ് ഹാജരാകാൻ കഴിയാത്തതെന്ന് സാക്ഷികൾ ഹർജി ഫയൽ ചെയ്തു. ഇവർക്ക് സംരക്ഷണം നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു. സി.പി.എം പ്രവർത്തകനായ വിഷ്ണുവിനെ പാസ്‌പോർട്ട് ഓഫീസിനു സമീപത്തുവച്ച് വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്ത്. വിഷ്ണു കൊലക്കേസിന്റെ പ്രതികാരമായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. 2008 ഒക്ടോബർ 17 ന് പുലർച്ചെ 5.50 ന് നാലാഞ്ചിറ കോട്ടമുകൾ വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്ന രഞ്ജിത്തിന്റെ കടയിൽ വച്ചായിരുന്നു കൊലപാതകം.