
മുടപുരം: അഭിനയകലയിലൂടെ ഒന്നിലധികം തലമുറകളെ സ്വാധീനിച്ച മഹാമനുഷ്യനായ നടനായിരുന്നു പ്രേംനസീറെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്രേംനസീറിന്റെ 35-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് 'മറക്കില്ലൊരിക്കലും' എന്ന പേരിൽ സംഘടിപ്പിച്ച പ്രേംനസീർ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ തലത്തിലും അല്ലാതെയും സ്മാരകം നിർമ്മിച്ചാലും അതിലും വലിയ സ്ഥാനം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റേതായുണ്ട്. പുതിയ തലമുറ, അദ്ദേഹത്തിലെ നടനെ മാത്രമല്ല സാമൂഹ്യരംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലിനെക്കുറിച്ചും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ വി.ഉദയകുമാർ സ്വാഗതം പറഞ്ഞു. സിനിമാതാരം ശ്രീലത നമ്പൂതിരി അനുസ്‌മരണ പ്രസംഗം നടത്തി. ചലച്ചിത്ര സംവിധായകൻ ഷമീർ ഭരതന്നൂർ അവാർഡ് വിതരണം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.മനോന്മണി, പി.ടി.എ പ്രസിഡന്റ് എസ്.അനസ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,പി.ടി.എ വൈസ് പ്രസിഡന്റ് ഷെരീഫ് പനയത്തറ,എസ്.എം.സി ചെയർമാൻ ഷൈജു എസ്.എൽ,സ്റ്റാഫ് സെക്രട്ടറി ടി.അജയകുമാർ,വൈസ് പ്രിൻസിപ്പൽ ഡി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.