നെടുമങ്ങാട് : തലസ്ഥാന ജില്ലയിൽ സ്വാഭാവിക വനങ്ങളെ വിഴുങ്ങിയ അക്കേഷ്യയും മാഞ്ചിയവും മുറിച്ചു നീക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വനംവകുപ്പ്. നടപടികൾ വേഗത്തിലാക്കാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ. പ്രദീപ്കുമാർ നിർദ്ദേശം നൽകി. അദൃശ്യ കവചത്തിൽ അക്കേഷ്യയും മാഞ്ചിയവും, വെളിച്ചം കാണാതെ വനദീപ്തി എന്ന തലക്കെട്ടിൽ കഴിഞ്ഞ 13ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. രണ്ടു വർഷത്തിനിടെ 253 ഹെക്ടർ പ്രദേശത്തെ അക്കേഷ്യയും മാഞ്ചിയവും മുറിച്ചുമാറ്റി വട്ടമരമടക്കമുള്ള തനതു വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കേരളകൗമുദിയോട് വെളിപ്പെടുത്തി. 804 ഹെക്ടർ മാഞ്ചിയവും 1,685 ഹെക്ടർ അക്കേഷ്യയും 235 ഹെക്ടർ യൂക്കാലിപ്ടസുമാണ് ജില്ലയിലെ വനമേഖലകളിൽ പ്ലാന്റ് ചെയ്തിരുന്നത്. വിദേശവൃക്ഷങ്ങളുടെ നീരാളിപ്പിടിത്തത്തിൽ കാട്ടിലെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞുവെന്ന ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇവ നീക്കം ചെയ്യാൻ തീരുമാനമായത്. കേന്ദ്ര ഗവൺമെന്റ് പത്ത് വർഷത്തെ വർക്കിംഗ് പ്ളാനും സംസ്ഥാന സർക്കാർ ഇക്കോ റീസ്റ്റോറേഷൻ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്.

 നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കും

പത്തുവർഷം കൊണ്ട് മുഴുവൻ വിദേശ വൃക്ഷ പ്ലാന്റേഷനുകളും ഒഴിവാക്കി നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കും. പരുത്തിപ്പാറ റേഞ്ചിൽ നെല്ലിക്കപ്പാറ, കൂട്ടപ്പാറ, കുളത്തൂപ്പുഴ റേഞ്ചിൽ കുണ്ടാളംകുഴി, പാലോട് റേഞ്ചിൽ ഉതിമൂട്, കോട്ടയപ്പൻകാവ്, പേത്തല എന്നീ സെക്ഷനുകളിലാണ് അക്കേഷ്യയും മാഞ്ചിയവും ഇതിനകം മുറിച്ചു നീക്കിയത്. പേത്തല, കൂട്ടപ്പാറ, നെല്ലിക്കപ്പാറ പോലെ ചുരുക്കം ഭാഗങ്ങളിൽ പകരം വനവൃക്ഷങ്ങളുടെ തൈ നടാതെ തന്നെ സ്വാഭാവിക വനം രൂപപ്പെടുന്നത് ആശ്വാസകരമാണെന്ന് ഡി.എഫ്.ഒ ചൂണ്ടിക്കാട്ടി. പരുത്തിപ്പാറയിൽ ആറും കുളത്തൂപ്പുഴ - പാലോട് റേഞ്ചുകളിൽ രണ്ടും വീതവും യൂക്കാലിപ്ടസ് തോട്ടങ്ങളാണുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ ഈ തോട്ടങ്ങൾ മുറിച്ചുമാറ്റും.

വിത്ത് കിളിർക്കുന്നത് വെല്ലുവിളി

മരം മുറിച്ചാലും അക്കേഷ്യ, മാഞ്ചിയം വിത്ത് കിളിർത്തു വരുന്നത് വനപാലകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത് നിരീക്ഷിച്ച് കിളിർപ്പുകൾ നശിപ്പിക്കാൻ പ്ലാന്റേഷനുകളിൽ തൊഴിലാളികളെ നിയോഗിക്കും. ഫലവൃക്ഷങ്ങൾ പകരം നടാൻ ആവിഷ്കരിച്ച 'വനദീപ്തി" പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാലാണ് പകരം കാട്ടുമരങ്ങളുടെ തൈ നടുന്നത്. ആനയടക്കമുള്ള ജീവികളുടെ തീറ്റ ക്ഷാമം പരിഹരിക്കാൻ ചൂരൽ, ഈറ, മുള മുതലായവ പ്ലാന്റ് ചെയ്യാൻ നിർദ്ദേശമുണ്ട്. 6,500 ഹെക്ടർ പ്രദേശത്ത് തേക്ക്, മട്ടി, കമ്പകം, അൽപീസിയ, ആഞ്ഞിലി, കശുമാവ് ഇതര ഫലവൃക്ഷങ്ങൾ എന്നിവയും മെഡിസിനൽ പ്ലാന്റേഷനും ഉൾക്കൊള്ളുന്ന 341 തോട്ടങ്ങൾ ജില്ലയിൽ ഉണ്ട്. ഇവയുടെ സംരക്ഷണം കർശനമാക്കണമെന്നും റേഞ്ച് അധികൃതർക്ക് നൽകിയ നിർദ്ദേശങ്ങളിലുണ്ട്.