
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കേരളത്തിന്. കഴിഞ്ഞ മൂന്നുതവണകളിൽ ടോപ് പെർഫോമർ പദവി നേടിയ കേരളം ഇതാദ്യമായാണ് പരമോന്നത പുരസ്ക്കാരം സ്വന്തമാക്കുന്നത്. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, വനിതാ സംരംഭകർ എന്നിവർക്ക് നൽകുന്ന പിന്തുണയാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും നൂതന ഇൻകുബേഷൻ സംവിധാനങ്ങളുമാണ് അംഗീകാരത്തിലേക്ക് നയിച്ചതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇൻകുബേഷൻ, മെന്റർഷിപ്പ് സേവനങ്ങൾ, നൂതനത്വം എന്നീ മേഖലകളിലാണ് അംഗീകാരം. മൊത്തം 5000ലധികം സ്റ്റാർട്ടപ്പുകളാണ് കെ.എസ്.യു.എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരം അഭിമാനകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ 2022 ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ലഭിച്ച ഒന്നാം സ്ഥാനം ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളോടൊപ്പമാണ് കേരളം ഒന്നാം സ്ഥാനം പങ്കിട്ടത്. ഇതിനു മുൻപുള്ള വർഷങ്ങളിലും കേരളം മുൻനിരയിലായിരുന്നു.
നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ് ഈ ഒന്നാം സ്ഥാനം. ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങളും സൂപ്പർ ഫാബ് ലാബും സാമ്പത്തിക പിന്തുണയുമടക്കം സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തിൽ ഒരുക്കിയിട്ടുള്ളത്.