
ശിവഗിരി: മഹാഗുരുവിന്റെ തിരുസന്നിധിയിൽ പ്രിയ ശിഷ്യനായ മഹാകവിയുടെ വിയോഗ ശതാബ്ദി കാവ്യാർച്ചനയോടെ ആചരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ കാൽപ്പാടുകൾ പിൻപറ്റി നടന്ന കുമാരകവിയുടെ കാലടികൾ പതിഞ്ഞ ശിവഗിരിയുടെ പുണ്യഭൂമിയിൽ ആശാൻ സ്മരണകൾ കാവ്യഭാഷയിലൂടെ പുനർജ്ജനിച്ചു.
ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ സാന്നിദ്ധ്യത്തിൽ ദൈവദശകം ശതാബ്ദി സ്മാരക ഹാളിൽ നടന്ന കാവ്യാർച്ചന കവി മഞ്ചു വെളളായണി ഉദ്ഘാടനം ചെയ്തു. നൂറ് വർഷം മുമ്പ് ശിവഗിരിയുടെ പുണ്യഭൂമിയിൽ വന്ന് ശാരദാംബയെ വണങ്ങി പ്രാർത്ഥിച്ച ശേഷമാണ് കുമാരനാശാൻ കൊല്ലത്ത് നിന്നും റെഡീമർ ബോട്ടിൽ യാത്ര പോയതെന്ന്
സൂചിപ്പിച്ച മഞ്ചു വെളളായണി ആനന്ദക്കൂത്തുകൾ എന്ന സ്വന്തം കവിത ചൊല്ലി.
ആധുനിക കേരള സൃഷ്ടിയിൽ ഗുരുദേവനൊപ്പം ആശാനും മഹത്തായ പങ്ക് വഹിച്ചതായി
അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആശാനെ മറന്ന് കേരളത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല. ആശാന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിത്രയങ്ങളിൽ ആശാൻ സമകാലികനായി ഇന്നും ജീവിച്ചിരിക്കുന്ന പ്രതീതിയാണുള്ളത്. ഋഷിയും കവിയും പ്രവാചകനുമായിട്ടാണ് ഗുരു നിത്യചൈതന്യയതി മഹാകവി കുമാരനാശാനെ വിശേഷിപ്പിച്ചത്.കുമാരനാശാന്റെ കവിതകളിൽ പരമ നിർവൃതിയും പരമാനന്ദവും നമ്മുടെ ജീവിതത്തിൽ നിത്യേന അനുഷ്ഠിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച നിയുക്തമായ ഉപദേശങ്ങളും നിറഞ്ഞു നിൽക്കുന്നു. 16ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും എഡിറ്റോറിയലും എന്തെന്നില്ലാത്ത നിർവൃതിയും സന്തോഷവും സംതൃപ്തിയുമൊക്കെ നമ്മിലുളവാകുന്നു. ഇവയിൽ കാണുന്ന പരാമർശ വിഷയം കുമാരനാശാൻ രൂപം പ്രാപിച്ചത് ശ്രീനാരായണ ഗുരുവിലൂടെയാണെന്നാണ്. ആദ്ധ്യാത്മികവും സാമൂഹികവും രാഷ്ട്രീയവുമായ സർവ്വ വിഷയങ്ങളിലും ആശാന്റെ ഉദ്ബോധനമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സമൂഹത്തെ പാടിയുണർത്തുകയും പാടിയുറക്കുകയും ചെയ്യുന്നതാണ് ആശാൻ കവിതകളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി അവ്യയാനന്ദ പറഞ്ഞു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ബോധിതീർത്ഥ തുടങ്ങി സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും പങ്കെടുത്തു.അമ്പലപ്പുഴ രാജഗോപാൽ, ഷിഹാബ്, സുധാകരൻചന്തവിള, ഹരിദാസ് ബാലകൃഷ്ണൻ, താണുവൻആചാരി, ബാബുപാക്കനാർ എന്നിവർ കവിതകളവതരിപ്പിച്ചു.
ഫോട്ടോ: ശിവഗിരിയിൽ നടന്ന ആശാൻ ദേഹവിയോഗ ശതാബ്ദി ആചരണം മഞ്ചു വെളളായണി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അസംഗാനന്ദഗിരി, ഹരിദാസ് ബാലകൃഷ്ണൻ, ബാബു പാക്കനാർ, ഷിഹാബ്, സ്വാമി അവ്യയാനന്ദ, സ്വാമി സച്ചിദാനന്ദ, അമ്പലപ്പുഴ രാജഗോപാൽ എന്നിവർ സമീപം.