
കിളിമാനൂർ: പൂവമ്പാറ പാലത്തിൽ നിന്ന് വാമനപുരം ആറ്റിലേക്ക് ചാടി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബിസിനസ് മാനേജർ ആത്മഹത്യ ചെയ്‌തു. കിളിമാനൂരിലെ സ്വകാര്യ ചിട്ടി ഫണ്ടിൽ ജോലി ചെയ്യുന്ന വടകര കുഞ്ഞിക്കണ്ടി സ്വദേശി കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 'കൗസല്യ'യിൽ വാടകയ്‌ക്ക് താമസിക്കുന്ന മനോജ് കുമാറാണ് (50) മരിച്ചത്.
ആറ്റിൽ ചാടുന്നതിനു മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ വിളിച്ച് ആലംകോട്ടേക്ക് വന്ന് തന്റെ ബൈക്കും പഴ്സും കൊണ്ടുപോകണമെന്നും ആറ്റിൽ ചാടാൻ പോകുന്നുവെന്നും അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയെത്തിയ മനോജ് കുമാർ ബൈക്കും വാച്ചും പഴ്സും പാലത്തിനു സമീപത്തുവച്ച ശേഷം ആറ്റിൽ ചാടുകയായിരുന്നു.
ഇതുകണ്ട വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും സ്ഥാപനത്തിൽ ജോലിക്കെത്തിയ ഇയാൾക്ക് സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റു പ്രശ്‌നങ്ങളോ സ്ഥാപനവുമായിട്ടില്ലെന്ന് മാനേജർ അറിയിച്ചു. ഭാര്യ: മധുരിമ (ബുക്ക് സ്റ്റാൾ ജീവനക്കാരി) മക്കൾ: സാന്ദ്ര മനോജ് (മെഡിക്കൽ കോളേജ് നഴ്സിംഗ് വിദ്യാർത്ഥിനി), ആദിത് മനോജ് (കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി).