1

വിഴിഞ്ഞം: മീനുകളുടെ ആവാസ വ്യവസ്ഥയ്‌ക്കായി കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന ചടങ്ങ് ഇന്ന് നടക്കും. രാവിലെ 11.30ന് വിഴിഞ്ഞം പുറംകടലിൽ മന്ത്രി സജി ചെറിയാൻ പാര് നിക്ഷേപത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇതിന് മുന്നോടിയായി ഇന്നലെ പരീക്ഷണ നിക്ഷേപം നടത്തി.

കോൺക്രീറ്റ് പാരുകൾ കടലിൽ നിക്ഷേപിക്കുന്നതിനായി രണ്ട് ഉരുക്കൾ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. പൂവാർ മുതൽ വർക്കല വരെയുള്ള 42 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ കടലിലാണ് കൃത്രിമ പാരുകൾ നിക്ഷേപിക്കുക. മൂന്ന് മാസത്തിന് ശേഷം സമുദ്രാന്തർഭാഗത്ത് പഠനം നടത്തി ആവാസവ്യവസ്ഥയിലെ പുരോഗതി വിലയിരുത്തുമെന്ന് അധികൃതർ പറഞ്ഞു.

കോർപ്പറേഷൻ എം.ഡി പി.ഐ.ഷേഖ് പരീത്,സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്‌റ്റ് ജോ കിഴക്കൂടൻ,ചീഫ് എൻജിനിയർ ടി.വി.ബാലകൃഷ്‌ണൻ,അസി.എക്‌സി.എൻജിനിയർ കെ.ആർ.ഷിബു,പ്രോജക്ട് മാനേജർ ബീന സുകുമാർ,അസി.എൻജിനിയർ വിഥുൻ ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.