
തിരുവനന്തപുരം: മൂന്ന് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ 25നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വന്നേക്കും. മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള 2 ഓർഡിനൻസുകൾ, പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് 28ശതമാനം ജി.എസ്.ടി ചുമത്താനുള്ള ഓർഡിനൻസ് എന്നിവയ്ക്ക് പകരമുള്ള ബില്ലുകളാവും വരിക. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും.
റോഡിലും ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നതാണ് ഇതുസംബന്ധിച്ച ഓർഡിനൻസുകൾ. ഓൺലൈൻ ഗെയിമുകൾ, കാസിനോ, കുതിരപ്പന്തയം ഉൾപ്പെടയുള്ളവയ്ക്ക് 28ശതമാനം നികുതിയീടാക്കാൻ ജൂലായിലെ ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഈ ഓർഡിനൻസ് കൊണ്ടുവന്നത്.