തിരുവനന്തപുരം: ഉള്ളൂർ,കഴക്കൂട്ടം വില്ലേജുകളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് മന്ത്രി കെ. രാജൻ നാടിന് സമർപ്പിക്കും. വൈകിട്ട് 4ന് ഉള്ളൂരിലും 5ന് കഴക്കൂട്ടത്തും നടക്കുന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ഡെപ്യൂട്ടി മേയർ പി.കെ. രാജു,നഗരസഭാ കൗൺസിലർമാർ, കളക്ടർ ജെറോമിക് ജോർജ്, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുക്കും.
2020-21 വർഷത്തെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിൽ ഹാബിറ്റാറ്റ് ടെക്‌നോളജി ലിമിറ്റഡാണ് ഉള്ളൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 55,27,000 രൂപ ചെലവിട്ട് സംസ്ഥാന നിർമ്മിതി കേന്ദ്രം കഴക്കൂട്ടം വില്ലേജ് ഓഫീസിനെയും സ്മാർട്ടാക്കി.
കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ, വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജുകളിൽ പണി പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം നാളെ മന്ത്രി കെ. രാജൻ നിർവഹിക്കും.