വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് കണ്ടെയ്‌നറുകളുമായി ചെറിയ കപ്പൽ അടുത്ത മാസമെത്തുമെന്ന് സൂചന. തുറമുഖം മേയിൽ പ്രവർത്തന സജ്ജമാകുന്നതിന് മുന്നോടിയായി ഇവിടെ കൊണ്ടുവന്ന ക്രെയിനുകളുടെ പ്രവർത്തന പരീക്ഷണത്തിനാണ് കപ്പൽ വരുന്നത്.

കണ്ടെയ്‌നറുകൾക്കൊപ്പം വലിയ ബാർജും വിഴിഞ്ഞത്തെത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കിയാണ് പരീക്ഷണം. മുന്ദ്ര തുറമുഖത്തു നിന്നാകും ഇവ കപ്പലിൽ കൊണ്ടുവരികയെന്നാണ് വിവരം. അതേസമയം ക്രെയിനുകൾ ബർത്തിലെ പാളങ്ങളിൽ സജ്ജീകരിച്ച ശേഷം കരയിൽ പരീക്ഷണം നടത്തി. മേയ് മാസം നടക്കുന്ന തുറമുഖ കമ്മിഷനിംഗിന്റെ ഭാഗമായി ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.

ഇതിനായി രാജ്യാന്തര ഷിപ്പിംഗ് ലൈനർ ഓപ്പറേഷൻ കമ്പനി പ്രതിനിധികൾ വിഴിഞ്ഞം സന്ദർശിക്കും. ജെ.എം ബക്ഷി ആൻഡ് കമ്പനിയുടെ സി.ഇ.ഒ സുശീൽ മുൽചന്ദാനി ഉൾപ്പെടെയുള്ള ഉന്നതല സംഘം കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലം സന്ദർശിച്ചിരുന്നു. വിസിൽ സി.ഇ.ഒ ഡോ. ജയകുമാർ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

നിർമ്മാണം അതിവേഗം

പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ടത്തിലെ 2950 മീറ്റർ ബ്രേക്ക് വാട്ടറിൽ 2700 മീറ്റർ നിർമ്മിച്ചു. ഇനി 250 മീറ്റർ കൂടെ നിർമ്മിച്ചാൽ ആദ്യഘട്ടം പൂർത്തിയാകും. ആകെ 53 ഹെക്ടർ കടൽ കരയാക്കേണ്ടതിൽ 51 ഹെക്ടർ പൂർത്തിയായി. നിലവിൽ നിർമിച്ച 400 ബർത്തിന്റെ തുടർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ നിർമ്മിച്ച യാർഡിൽ ക്രെയിനുകൾ സ്ഥാപിച്ചു. യാർഡ് പൂർത്തിയായ ശേഷം മാത്രമേ ബാക്കി ക്രെയിനുകൾ എത്തിക്കുകയുള്ളൂ. അതുകാരണമാണ് ക്രെയിനെത്തിക്കുന്നത് മാർച്ച് അവസാനത്തേക്ക് നീട്ടിയത്.