
ഫെബ്രുവരി എട്ട്, വ്യാഴാഴ്ച എന്തെങ്കിലുമൊക്കെ ഇവിടെ സംഭവിക്കും. അടുത്ത ദിവസം വാർത്താ മാദ്ധ്യമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത ഉണ്ടായേക്കാം. ലോസ് ഏഞ്ചൽസിൽ ഒളിമ്പിക്സ് നടന്ന 1984ൽ ഒരുമാതിരിപ്പെട്ട എല്ലാ പരസ്യ എഴുത്തുകാർക്കും കുറിക്കാൻ ഒരു വാചകമുണ്ടായിരുന്നു, 'ഓൾ ഐസ് ടു ലോസ് ഏഞ്ചൽസ്' (എല്ലാ കണ്ണുകളും ലോസ് ഏഞ്ചൽസിലേക്ക്) എന്ന്. അന്നത്തെ പരസ്യ എഴുത്തുകാർ ഭാവാത്കമായി കുറിച്ച ആ വാചകം ഇവിടെ ഒന്നു കടമെടുക്കുകയാണ്, 'ഓൾ ഐസ് ടു ഡൽഹി'. എന്റമ്മോ, എന്തൊരു സംഭവമാവും, സംഗതി കിടുക്കും, കലക്കും.
കാര്യം പുടി കിട്ടിക്കാണില്ല, ഫെബ്രുവരി എട്ടിന്റെ പ്രത്യേകത. അന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു (പടു)കൂറ്റൻ ശക്തിപ്രകടനം നടക്കും. ജന്തർമന്ദറിലാണ് സമരം. സമരം നയിക്കുന്നത് നിസാരക്കാരനല്ല, എട്ടടി ഉയരത്തിൽ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ തലയ്ക്കോ തലമുടിക്കോ ഒരു പോറൽപോലും ഏൽക്കാതെ, പ്രത്യേക 'ഏക്ഷ'നിൽ കളരിയഭ്യാസിയുടെ മെയ് വഴക്കത്തോടെ, നടന്നു നീങ്ങിയ കേരളത്തിന്റെ പ്രിയപ്പെട്ട ഇരട്ടചങ്കൻ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന് പിന്നാലെ ലക്ഷങ്ങളൊന്നുമില്ല, ലക്ഷണമൊത്തെ കേരള മന്ത്രിസഭയിലെ ലക്ഷണമൊത്ത 20 മന്ത്രിമാരും. അവർക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള ലക്ഷണമൊത്ത ജനപ്രതിനിധികളും. പോരേ പുകിൽ. ഡൽഹി മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ്സിംഗ്, ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി പേരുകേട്ട കേന്ദ്രമന്ത്രിമാരും പേരുകേൾക്കാത്ത കേന്ദ്രമന്ത്രിമാരും പേരുകേൾപ്പിക്കാൻ ആഗ്രഹമില്ലാത്ത കേന്ദ്രമന്ത്രിമാരും ഫെബ്രുവരി എട്ടിന് നിന്നു ഞെട്ടും! (ഞെട്ടാനുള്ള പട്ടികയിൽ ഏതെങ്കിലും പ്രഗത്ഭന്റെയോ പ്രഗത്ഭയുടെയോ പേരു വിട്ടുപോയെങ്കിൽ നിരുപാധികം മുൻകൂർ ക്ഷമാപണം). ഇത്രയും കടുപ്പത്തിൽ ഞെട്ടിക്കണോ എന്നകാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കൂടി പറഞ്ഞോട്ടെ. കാരണം ഇ.ഡി.എന്ന അദൃശ്യ ശക്തി ചക്രവാളത്തിലെ കഴുകനെ പോലെ കേരളത്തിൽ ഉയർന്നു പറക്കുന്നുണ്ട്. അവരുടെ വജ്രായുധമായ ഉത്തരം കിട്ടാത്ത ചോദ്യം ചെയ്യലിന് സ്വന്തമായി ഉത്തരമില്ലാത്ത ആരെങ്കിലും, വല്ല മന്ത്രിമാരോ മറ്റോ പെട്ടുപോടാൽ ഞെട്ടിക്കലിന്റെ സ്പെഷ്യൽ ഇഫക്റ്റ് കുറയും. മാത്രമല്ല, പറഞ്ഞു മറന്ന പല കേസുകളുടെയും വേരുകൾ തേടി ചില ദുഷ്ടശക്തികൾ പരക്കം പായുകയാണ്. എങ്കിലും നിലവിൽ ഫെബ്രുവരി എട്ടിന് ഞെട്ടിക്കാൻ തന്നെയാണ് തീരുമാനം. ജന്തർ മന്ദറിൽ പോയിരുന്ന് 'ഞെട്ടില്ലാ വട്ടേല 'ഏതെന്ന കടങ്കഥ പറഞ്ഞു നമ്മുടെ മന്ത്രിമാരും ജനപ്രതിനിധികളും പിരിയുമോ എന്നും അറിഞ്ഞുകൂടാ. പാക്കലാം.
പിന്നെ മുഖ്യമന്ത്രിയും നമ്മുടെ ത്യാഗശീലരായ മറ്റു മന്ത്രിമാരും ഇമ്മാതിരി കഷ്ടപ്പാടിന് ഇറങ്ങുന്ന പശ്ചാത്തലം കൂടി അറിയേണ്ടെ, അറിയണം. വെറും ചപ്പാത്തിയും വെറും ചിക്കൻകാലും ഉൾനാടൻ ജലാശയങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഏക്കും പോക്കുമില്ലാത്ത കരിമീനിനെ കബളിപ്പിച്ച് പിടിച്ച് ഉണ്ടാക്കിയ വെറും കരിമീൻ ഫ്രൈയും മാത്രം കഴിച്ച് 35 ദിവസത്തോളം കേരളത്തിലങ്ങോളം ഇങ്ങോളം അലഞ്ഞുനടന്നു വിജയിപ്പിച്ച നവകേരള സദസ്സിന്റെ ക്ഷീണത്തിന് ശേഷമാണ് ജനസേവനത്തിൽ മാത്രം സംതൃപ്തി കണ്ടെത്തുന്ന മന്ത്രിമാർ ഡെൽഹിക്ക് വച്ചു പിടിക്കുന്നത്. കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെയാണ് സമരം.
കേരള ഹൗസിലെ വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ ഏതാണ്ട് 11.30 ഓടെയാവും ഞെട്ടിക്കൽ പ്രതിഷേധ ജാഥ ജന്തർമന്ദറിലേക്ക് നീങ്ങുക. കേരളത്തോട് ദേഷ്യമുള്ളവരും സ്നേഹമുള്ളവരുമായ എല്ലാ മുഖ്യമന്ത്രിമാർക്കും ഇനിയും വേണ്ടത്ര ഇലാസ്തികത കിട്ടാത്ത ഇന്ത്യാമുന്നണിയിലെ കക്ഷിനേതാക്കൾക്കും കേരളത്തിന്റെ പ്രതിഷേധ ജാഥയിൽ അണിചേർന്ന് കൃതാർത്ഥരാവാനുള്ള, പ്രത്യേക സാഹിത്യ ഭംഗിയിൽ തയ്യാറാക്കിയിട്ടുള്ള കുറിമാനവും അയച്ചിട്ടുണ്ട്. ഈ കൂത്തെല്ലാം കണ്ട്, മോദി കുറെ പണവും പ്രഖ്യാപനങ്ങളും വാരിക്കോരി കൊടുക്കുമോ എന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേടി. ദോഷം പറയരുത്, ഇങ്ങനൊരു പോരാട്ടത്തിനിറങ്ങുമ്പോൾ നമ്മുടെ ഇരട്ടചങ്കൻ ഹീറോ പ്രതിപക്ഷവുമായി (ജനപിന്തുണ അടിസ്ഥാനമായതിനാൽ അധികം പേരില്ല) ഓൺലൈൻ വഴി ഒരു ചർച്ചയ്ക്കും തയ്യാറായി. പ്രതിപക്ഷ നേതൃനിരയിലെ കരുത്തുറ്റ പാർട്ടികളുടെ കരുത്തുറ്റ നേതാക്കളായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ദേശീയ മതേതര പാർട്ടിയായ മുസ്ലീം ലീഗ് അഖിലേന്ത്യാ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഓൺലൈൻ ചർച്ചയിൽ പങ്കാളികളായത്.
പാപ്പരായ കേരള ഖജനാവിന്റെ കൃത്യമായ ഒരു രേഖാ ചിത്രം മുഖ്യമന്ത്രി രണ്ട് നേതാക്കളുടെയും ബോധ മനസിലേക്ക് പ്രവേശിപ്പിച്ചു. കായംകുളം വാളിനെപ്പോലും നാണിപ്പിച്ച ലജ്ജിപ്പിക്കും വിധമുള്ള മറുപടിയാണ് രണ്ട് നേതാക്കളും പറഞ്ഞത്. ചില കാര്യങ്ങളിൽ കേന്ദ്രത്തോട് എതിർപ്പൊണ്ട്, ചില കാര്യങ്ങളിൽ സംസ്ഥാനത്തോട് എതിർപ്പൊണ്ട്, യോജിച്ച സമരം വേണോ വേണ്ടണോ എന്നകാര്യത്തിൽ തങ്ങളുടെ പ്രബലരായ സഖ്യ കക്ഷികളോട് ആലോചിച്ച് തീരുമാനമറിയിക്കാമെന്ന് മുഖ്യമന്ത്രിയെ ബോധിപ്പിച്ചപ്പോൾ, ഷിബുബേബിജോണും സി.പി ജോണും ഉൾപ്പെടെ പതുങ്ങി ചിരിച്ചു. 'വീഴാനിരിക്കുന്ന കൊമ്പിൽ തൂങ്ങാനൊരുങ്ങുന്ന' മണ്ടന്മാരാവാൻ തങ്ങൾ തയ്യാറല്ലെന്നാണോ ആ ചിരിയുടെ അർത്ഥമെന്ന് ആരോട് ചോദിക്കാൻ. ഏതായാലും നമുക്ക് കാത്തിരിക്കാം നമ്മുടെ ഇരട്ടചങ്കൻ മുഖ്യനും സഹമന്ത്രിമാരും അങ്കം ജയിച്ച് വിജയശ്രീലാളിതരായി വരുന്നത് കാണാൻ. അങ്ങനെ വരുമ്പോൾ അരിവാളും ചുറ്റികയും നെൽക്കതിരും രണ്ടിലയുമൊക്കെ ചേർത്തുള്ള ഒരു ബൊക്കെ നൽകി സ്വീകരിക്കാം. വേണമെങ്കിൽ ഗാനഗന്ധർവ്വൻ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വക 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന ഒരു ഹിറ്റ് ഗാനാലാപനവുമാകാം. പഴയ മന്ത്രി ശൈലജടീച്ചറുടെ ചെറിയൊരു ഗിരിപ്രഭാഷണം കൂടിയാവുമ്പോൾ ,ആഹാ എത്ര മനോഹരം.
ഇതുകൂടി കേൾക്കണേ
കൊടുംതണുപ്പിന്റെ ഈ ഘട്ടത്തിൽ പാവം മോദിയെയും സംഘത്തിനെയും ഉപദ്രവിക്കേണ്ട, ചെറുതായൊന്നു വിരട്ടിയാൽ മതി. പാവങ്ങൾ തട്ടിമുട്ടി ജീവിച്ചു പോട്ടെ. പിന്നെ ആ കേന്ദ്രമന്ത്രി മുരളീധരൻ ഇങ്ങോട്ടു വരുമ്പോൾ, വേണമെങ്കിൽ ചെറുതായൊന്നു കണ്ണുരുട്ടാം. പഴയ മന്ത്രി ഒ. രാജഗോപാലിനെ ഗുരുഭൂതനാക്കുകയും ചെയ്യാം.