തിരുവനന്തപുരം:ഗുരുവിന്റെ വിപ്ലവകരമായ ദർശനങ്ങളെ വഴികാട്ടിയായി സ്വീകരിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു കുമാരനാശാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി.മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് ആശാൻ അക്കാഡമി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുമാരനാശാൻ കവിതയുടെ ആഴവും സൗന്ദര്യവും മലയാളം ഒരിക്കലും മറക്കില്ലെന്ന് ഗുരു ദർശനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് കുമാരനാശാനെ കാലം ഒരിക്കലും മറക്കാത്ത മഹാകവിയാക്കി തീർത്തത്. ശ്രീനാരായണഗുരുവിന്റെ വിപ്ലവകരമായ ആശയങ്ങളെ പ്രതിഫലിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായിരുന്നു അദ്ദേഹം. കനകക്കുന്നിലെ ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവനിൽ നടന്ന ചടങ്ങിൽ എം.ആർ സഹൃദയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആർ തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. ആശാൻ അക്കാഡമി സെക്രട്ടറി പൂതംകോട് ഹരികുമാർ, സജീവ് കൃഷ്ണൻ, ശ്രീകുമാർ വിചാരബിന്ദു, വി.ദത്തൻ, ബി.ആർ രാജേഷ്, ഒ.പി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് രണ്ടിന് നടന്ന കവിയരങ്ങ് ദേശാഭിമാനി ഗോപി ഉദ്ഘാടനം ചെയ്തു. എം.ടി ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു.