തിരുവനന്തപുരം: ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് കേരളകൗമുദിയെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൗമുദി ടിവിയുടെ ചെയ്ഞ്ച് മേക്കേഴ്സ് അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്‌ക്കരണത്തിന്റെ പ്രതീകമായ കേരളകൗമുദിയുടെ സംഭാവനകൾ നിസ്തുലമാണ്. രാജ്യാന്തര പത്രങ്ങളുടെ കടന്നുകയറ്റത്തിന് മുന്നേതന്നെ തലസ്ഥാനത്തിന്റെ സ്വന്തം പത്രമായി മാറിയ കേരളകൗമുദി അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിൽ വലിയ പങ്കാണ് വഹിച്ചത്. ചെറുപ്പത്തിൽ താൻ പത്രവായന തുടങ്ങിയത് കേരളകൗമുദിയിലൂടെയാണെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

ചെയ്ഞ്ച് മേക്കേഴ്സ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശന്റെ മികച്ച ഇടപെടലുകളെ കുറിച്ചും മന്ത്രി പരാമർശിച്ചു. അർഹതയുണ്ടായിട്ടും ബി.പി.എൽ കാർഡ് ലഭിക്കാതിരുന്ന ഭിന്നശേഷിക്കാർക്ക് അത് ലഭ്യമാക്കാൻ പഞ്ചാപകേശന്റെ ഇടപെടൽ സഹായിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, അൽഐനിലെ ന്യൂ അൽഐൻ മെഡിക്കൽ ക്ലിനിക്സ് സെന്റർ എം.ഡി ഡോ.സുധാകരൻ, ആറ്റിങ്ങലിലെ പിനാക്കിൾ ഏവിയേഷൻ അക്കാഡമി എം.ഡി ഹാഫിസ് എം.എൻ, തിരുവനന്തപുരത്തെ അർജ്ജുൻ ആൻഡ് അസോസിയേറ്റ്സ് എം.ഡി ഡോ.ബി.അർജ്ജുനൻ, പൈലറ്റ് 18 പൈലറ്റ് ട്രെയിനിംഗ് അക്കാഡമി എം.ഡി ക്യാപ്റ്റൻ ആനന്ദ് കീർത്തി എന്നിവർക്ക് ചെയ്ഞ്ച് മേക്കേഴ്സ് അവാർഡുകൾ മന്ത്രി സമ്മാനിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. കൗമുദി ടിവി മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർ കുമാർ നന്ദി പറഞ്ഞു. കൗമുദി ടിവി ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിച്ചു.