തിരുവനന്തപുരം: എല്ലാവർക്കും ആത്മബന്ധം പുലർത്താൻ സാധിക്കുന്ന വ്യക്തിയാണ് നടൻ പ്രേംനസീറെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രേംനസീർ സുഹൃത് സമിതിയുടെ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രേംനസീർ. അഭിനയത്തിലെ അദ്ദേഹത്തിന്റെ സമർപ്പണബോധം എടുത്തുപറയേണ്ടതാണ്. ഭാവമധുരമായ അഭിനയമായിരുന്നു പ്രേംനസീറിന്റേതെന്നും മന്ത്രി പറഞ്ഞു.
നടി അംബിക (ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം), സംവിധായകൻ രാജസേനൻ (സമഗ്ര സംഭാവന പുരസ്കാരം), ഗായകൻ ജി.വേണുഗോപാൽ (സംഗീത ശ്രേഷ്ഠ പുരസ്കാരം), നടൻ ദിനേശ് പണിക്കർ (ആജീവനാന്ത പുരസ്കാരം) എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. പ്രേംനസീർ സമിതിയുടെ മികച്ച ചാപ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട തൊടുപുഴ ചാപ്റ്ററിനും പുരസ്കാരം നൽകി.
ഇ.എം.ഷബീർ, ഡോ. ജെറി മാത്യു, ദീപ്തി നായർ, ജോസ് പേരൂർക്കട എന്നിവർക്ക് പ്രേംനസീർ കാരുണ്യ ശ്രേയസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, കൗൺസിലർ പാളയം രാജൻ, ഉദയസമുദ്ര ഗ്രൂപ്പ് സി.എം.ഡി രാജശേഖരൻ, ബി.ജെ.പി നേതാവ് കരമന ജയൻ, പബ്ലിക് പ്രോസിക്യൂട്ടർ വിജയ്മോഹൻ, സംഗീത സംവിധായകൻ റോണി റാഫേൽ, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.