തിരുവനന്തപുരം: ശാസ്ത്രീയമായും വൃത്തിയോടെയും മാലിന്യം ശേഖരിക്കാൻ കഴിയുന്ന ജെറ്റർ കം സക്ഷൻ വാഹനം നഗരസഭയിലെത്തി.ജലാംശം കുറഞ്ഞ മാലിന്യം പോലും എളുപ്പത്തിൽ ഇതിലൂടെ ശേഖരിക്കാനാകും.വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ജെറ്റർ സംവിധാനത്തിലൂടെ സെപ്റ്റിക് ടാങ്കിലെ മാലിന്യം അതേപടി വാഹനത്തിലെ ടാങ്കറിലേയ്ക്ക് മാറ്റാവുന്നതാണ്. 6000 ലിറ്റർ ശേഷിയുള്ള സ്വകാര്യ ടാങ്കറാണ് ഈ സേവനം ലഭ്യമാക്കുക.കക്കൂസ് മാലിന്യം അനധികൃതമായി ശേഖരിച്ച് പൊതുയിടങ്ങളിൽ തള്ളുന്നത് ഒഴിവാക്കാൻ സ്വകാര്യ ടാങ്കറുകൾക്ക് ലൈസൻസ് നൽകി ഓൺലൈൻ സേവനം കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിരുന്നു. എന്നാൽ, ചില വീടുകളിൽ ജലാംശമില്ലാതെ കട്ടിയായി കിടക്കുന്ന മാലിന്യം ശേഖരിക്കാനാകാത്തത് പരാതിക്കിടയാക്കിയിരുന്നു. ഇതിനുള്ള പരിഹാരമാണ് ജെറ്റർ കം സക്ഷൻ വാഹനം. നിലവിൽ കോർപ്പറേഷന്റെ ഒരു ടാങ്കറും 33 സ്വകാര്യ ടാങ്കറുമാണ് പദ്ധതിയിലുള്ളത്.
സ്മാർട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ പണമടച്ച് ബുക്ക് ചെയ്യണം. വെബ്‌സൈറ്റ് : smarttvm.tmc.lsgkerala.gov.in. 5000 ലിറ്റർവരെ 3540 രൂപയും 6000 ലിറ്റർവരെ 4720 രൂപയും 8000 ലിറ്റർ വരെ 7080 രൂപയുമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ വഴിയാണ് സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ. ഫോൺ : 9496434488.