
തിരുവനന്തപുരം: റേഷൻ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് നാലുദിവസമായി കേരള ട്രാൻസ്‌പോർട്ട കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (എൻ.എഫ്.എസ്.എ) നേതൃത്വത്തിൽ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായും സപ്ലൈകോ അധികാരികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. നവംബർ മാസത്തെ കുടിശ്ശിക പൂർണമായി നൽകുകയും ഡിസംബർ മാസത്തേത് എത്രയും വേഗം നൽകാമെന്ന ഉറപ്പിന്മേലുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഇസ്മായിൽ അറിയിച്ചു. സമരം ഒത്തുതീർപ്പാതോടെ എഫ്.സി.ഐയിൽ നിന്ന് ഗോഡൗണിലേക്കുള്ള സംഭരണവും റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണവും ഇന്നു മുതൽ ആരംഭിക്കും.
ഗതാഗത കൈകാര്യ ചെലവിനത്തിൽ നവംബർ, ഡിസംബർ മാസത്തെ കമ്മീഷൻ മുടങ്ങിയതും 2021 മുതൽ ലഭിക്കേണ്ട പത്ത് ശതമാനം തുക ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് ഈ മാസം 12 മുതൽ ട്രാൻസ്‌പോർട്ടിങ് കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഭക്ഷ്യവകുപ്പ് ഇടപെട്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നവംബറിലെ കുടിശ്ശികയും ഡിസംബർ മാസത്തെ കമ്മീഷൻ പൂർണ്ണമായും നൽകുന്നതിന് 38 കോടി രൂപ അനുവദിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.
റേഷൻ വിതരണത്തെ ബാധിച്ചില്ലെന്ന് മന്ത്രി
കരാറുകാരുടെ സമരം റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാസം 21.70 ലക്ഷം പേർ പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ മാസം ഇക്കാര്യത്തിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടായിട്ടില്ല.