തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുന:സംഘടിപ്പിച്ചു. നിലവിൽ 36 അംഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുതായി പ്രവർത്തകസമിതി അംഗത്വം കിട്ടിയവരെയും കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.പിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, എം.കെ രാഘവൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി, ടി.സിദ്ദിഖ്, ടി.എൻ പ്രതാപൻ, എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, റോജി.എം.ജോൺ, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, ഷാനിമോൾ ഉസ്മാൻ എന്നിവരും സമതിയിൽ ഉൾപ്പെടുന്നു. പത്മജ വേണുഗോപാൽ, പി.കെ ജയലക്ഷ്മി, ബിന്ദുകൃഷ്ണ എന്നിവരടക്കം നാല് സ്ത്രീകളാണ് സമിതിയിലുള്ളത്.

മുമ്പ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി പ്രഖ്യാപിച്ച വി.എം സുധീരൻ, സമിതി യോഗങ്ങളിൽ നിന്നും വിട്ട് നിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും പുതിയ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, മുൻ മന്ത്രിമാർ, കെ.പി.സി.സി മുൻ ഭാരവാഹികൾ എന്നിവരെയും ഉൾപ്പെടുത്തി.2016ൽ രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചപ്പോൾ 21 അംഗങ്ങളാണുണ്ടായിരുന്നത്.