മലയിൻകീഴ്: മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ താലൂക്ക് ആശുപത്രിക്കു സമീപം ആളിയോട്ടുകോണം ചർച്ചിന് മുന്നിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി.റോഡിൽ കുഴിച്ചിട്ടിരുന്ന കൂറ്റൻ പൈപ്പാണ് പൊട്ടിയത്. റോഡിനു മീതെ വെള്ളം പടർന്ന് യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇതേ റോഡിൽ അണപ്പാട് ചീനിവിള റോഡ് ആരംഭിക്കുന്നതിന് സമീപത്തും മലയിൻകീഴ് പുതിയ ആയുർവേദ ആശുപത്രി റോഡ് തുടങ്ങുന്നിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. കൂറ്റൻ പൈപ്പ് പൊട്ടുന്നതിനാൽ ആ ഭാഗത്ത് കുടിവെള്ള വിതരണവും തടസപ്പെട്ടു.

പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും നപടിയൊന്നുമുണ്ടായില്ല. ജലജീവൻ പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് ജംഗ്ഷൻ,മലയിൻകീഴ്,കാട്ടാക്കട,മേപ്പൂക്കട തുടങ്ങിയ സ്ഥലങ്ങളിൽ കുഴിച്ചിട്ട പൈപ്പ് മൂടി പോയതിനു തൊട്ടുപിന്നാലെ പൈപ്പ് പൊട്ടി വെള്ളക്കെട്ടായി മാറുന്നതും പതിവായിട്ടുണ്ട്. പൊതുവേ ശോചനീയാവസ്ഥയിലായ ഈ റോഡുകളിൽ വെള്ളക്കെട്ടാകുമ്പോൾ കാൽനടപോലും സാദ്ധ്യമല്ലാതാകും.

മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപത്തെ ഇടറോഡിൽ പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായിപ്പോയിരുന്നു. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട കുടിവെള്ള പദ്ധതി പ്രദേശത്ത് പലവട്ടം ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമരം ചെയ്‌തെങ്കിലും ഇപ്പോഴും കുടിവെള്ളക്ഷാമത്തിന് അറുതി വന്നിട്ടില്ല. പൈപ്പ് പൊട്ടൽ പരിഹരിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അശാസ്ത്രീയമായി

പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്ട് ചെയ്യുമ്പോഴും വാട്ടർ അതോറിട്ടി എൻജിനിയർ കൂടെയുണ്ടാകേണ്ടതാണ്.എന്നാൽ കരാറുകാരന്റെ ജീവനക്കാരൻ അശ്രദ്ധമായി പൈപ്പുകൾ കൂട്ടിയോജിച്ച് മണ്ണിട്ടുമൂടി പോവുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

സ്ഥിരം പൈപ്പ് പൊട്ടൽ

പൈപ്പ് പൊട്ടുമ്പോൾ ചിലപ്പോൾ വാട്ടർ അതോറിട്ടി അധികൃതരെത്തി ചോർച്ച മാറ്റാറുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ വീണ്ടും പൊട്ടുമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പൊട്ടാൻ കാരണം.

കുടിവെള്ളക്ഷാമം രൂക്ഷം

കുടിവെള്ളക്ഷാമം ഗ്രാമീണ മേഖലകളിൽ രൂക്ഷമാണ്. ചിറ്റിയൂർക്കോട്,തറട്ടവിള,തച്ചോട്ടുകുന്ന്,വിളവൂർക്കൽ,വിളപ്പിൽ,മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. പൈപ്പ് വെള്ളമാണ് പ്രദേശത്തുള്ള ഏക ആശ്രയം. മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും ഊരൂട്ടമ്പലം,പോങ്ങുംമൂട്,ചീനിവള,അരുമാളൂർ,പ്ലാവിള, കണ്ടല,കരിംഗൽ,തൂങ്ങാംപാറ,മാവുവിള എന്നീ മാറനല്ലൂർ പഞ്ചായത്തിലും കാളിപ്പാറ നിന്നാണ് കുടിവെള്ളമെത്തുന്നത്. വിളവൂർക്കൽ,വിളപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ മങ്കാട്ടുകടവ്,വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്.