
കല്ലമ്പലം: കരവാരം പഞ്ചായത്തിലെ പാവല്ല കാഞ്ഞിരംവിള ഇടവൂർക്കോണം റോഡിന് നടുവിൽ അപകടകരമായ രീതിയിൽ ഗർത്തം രൂപപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് വാഴ നട്ട് പ്രതിഷേധിച്ചു. പുതുശേരി വാതുക്കൽ ഭാഗത്ത് വയൽ നികത്തി റോഡ് നിർമ്മിച്ച സ്ഥലത്താണ് ഗർത്തം രൂപപ്പെട്ടത്. ഇതുമൂലം ഒരു വർഷമായി ഗതാഗതം നിറുത്തി വച്ചതായി കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. നിർമ്മാണ വേളയിൽ റോഡിന് താഴെയായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് പൈപ്പ് പൊട്ടി തകർന്നത് ഗർത്തം രൂപപ്പെടാൻ കാരണമാണ്. ഇടവൂർക്കോണം ജംഗ്ഷനിലേക്കും പാവല്ല പള്ളിയിലേക്കും പോവുന്നതിനായി ഉപയോഗിക്കുന്ന റോഡാണിത്. നിലവിൽ സ്‌കൂൾ വാഹനങ്ങൾ പോലും ഇതുവഴി വരാത്തതിനാൽ വിദ്യാർത്ഥികളും ദുരിതത്തിലാണ്. നാട്ടുകാർ ഗ്രാമസഭകളിലും പഞ്ചായത്ത് അധികൃതർക്ക് നേരിട്ടും പരാതികൾ സമർപ്പിച്ചെങ്കിലും നടപടികളുണ്ടായില്ല. തുടർന്നാണ് കോൺഗ്രസ് 2-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ടു പ്രതിഷേധിച്ചത്. തോട്ടക്കാട് മണ്ഡലം പ്രസിഡന്റ് എസ്.ദിലീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ,മജീദ് ഈരാണി,ഷാജഹാൻ കൈപ്പടക്കോണം തുടങ്ങിയവർ പങ്കെടുത്തു.